'മകന്‍ മരിച്ചത് പൊലീസ് മര്‍ദനത്തില്‍'; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജോയലിന്‍റെ മരണത്തിൽ പൊലീസിനെതിരെ കുടുംബം

തന്റെ കണ്‍മുന്നില്‍വെച്ചാണ് ജോയലിന് മര്‍ദനമേറ്റതെന്നും തന്നെയും പൊലീസ് മര്‍ദിച്ചെന്നും പിതൃസഹോദരി കുഞ്ഞമ്മയും പറഞ്ഞു

'മകന്‍ മരിച്ചത് പൊലീസ് മര്‍ദനത്തില്‍'; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജോയലിന്‍റെ മരണത്തിൽ പൊലീസിനെതിരെ കുടുംബം
dot image

പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജോയലിന്റെ മരണം പൊലീസ് മര്‍ദനം കാരണമെന്ന് കുടുംബം. അടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന യു ബിജുവിന്റെ മര്‍ദനം മൂലമാണ് മകന്‍ മരിച്ചതെന്ന് ജോയലിന്റെ പിതാവ് അടൂര്‍ നെല്ലിമുകള്‍ സ്വദേശി ജോയ്കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അടൂര്‍ പൊലീസ് സ്റ്റേഷനില്‍വെച്ചാണ് മകന് മര്‍ദനമേറ്റത്. ചികിത്സയിലിരിക്കെ അഞ്ചുമാസത്തിനുളളില്‍ മരണം സംഭവിച്ചു. തന്റെ കണ്‍മുന്നില്‍വെച്ചാണ് മകന് മര്‍ദനമേറ്റതെന്നും തന്നെയും പൊലീസ് മര്‍ദിച്ചെന്നും പിതൃസഹോദരി കുഞ്ഞമ്മയും പറഞ്ഞു.

'കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. സുപ്രീംകോടതി വരെ പോയാലും മകന്റെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെവിടില്ല. മരിക്കുന്നതുവരെ ഞാന്‍ നീതിക്കായി പോരാടും. നല്ല ആരോഗ്യമുളളവനായിരുന്നു എന്റെ മകന്‍. അവന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ച വിഷയത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവന്‍ ഡിവൈഎഫ് ഐ ഭാരവാഹിയായിരുന്നു. പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞിട്ടും പൊലീസ് മര്‍ദിച്ചു. അവന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. മകന്റെ പല്ലിന് ഇളക്കം സംഭവിച്ചു. പൊലീസ് മര്‍ദനം മൂലമാണ് അവന്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് എഴുതിയിരുന്നു': ജോയ്കുട്ടി ആരോപിച്ചു.

2020 ജനുവരി ഒന്നിനാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ജോയലിന്റെ പിതൃസഹോദരി അടൂരില്‍ പച്ചക്കറിക്കട നടത്തുന്നുണ്ടായിരുന്നു. കാറില്‍ ജോയല്‍ കടയിലേക്ക് എത്തി. കടയുടെ അരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത ജോയലും കാര്‍ യാത്രികനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അവിടെ നിന്നിരുന്ന ഹോംഗാര്‍ഡ് വിളിച്ചുപറയുകയും സ്ഥലത്തെത്തിയ പൊലീസുകാര്‍ ജോയലിനെയും പിതൃസഹോദരിയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. ആറ് പൊലീസുകാര്‍ക്കെതിരെ ജോയ്കുട്ടി നിലവില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദനം നടന്ന ദിവസം വൈകീട്ട് ജോയലിനെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായ ജോയല്‍ നാലുമാസത്തിനുളളില്‍ മരണപ്പെടുകയായിരുന്നു.

Content Highlights: 'Son died due to police beating': Complaint filed against former Adoor CI U Biju

dot image
To advertise here,contact us
dot image