ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണം; സെപ്തംബർ 15 സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാൻ സിപിഐഎം

കേന്ദ്രസര്‍ക്കാര്‍ ആക്രമണത്തെ അപലപിക്കാന്‍ പോലും തയ്യാറായില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണം; സെപ്തംബർ 15 സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാൻ സിപിഐഎം
dot image

തിരുവനന്തപുരം: ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. ഈ മാസം 15 നാണ് പ്രതിഷേധം നടത്തുക. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണം മലയാളികള്‍ക്ക് ഗൗരവതരമായ പ്രശ്‌നമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. നാടിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്നതാണ് ഗള്‍ഫ് മേഖലയിലെ ബോംബ് ആക്രമണമെന്നും കേന്ദ്രസര്‍ക്കാര്‍ ആക്രമണത്തെ അപലപിക്കാന്‍ പോലും തയ്യാറായില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

'അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് ഖത്തറിനെതിരായ ഇസ്രായേലിന്റെ ആക്രമണം. ഇതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 15-ാം തീയതി സാമ്രാജ്യത്വ വിരുദ്ധ ദിനമായി സിപിഐഎം ആചരിക്കും.' സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ഏരിയ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടത്താന്‍ കീഴ് ഘടകങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ കത്താറയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥന്‍ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായും ഹമാസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഖാലിദ് അല്‍-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉള്‍പ്പെടുന്നതായി ഹമാസ് വ്യക്തമാക്കിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ ഹമാസിന്റെ പ്രധാന നേതാക്കള്‍ ഇസ്രയേല്‍ ലക്ഷ്യം വെച്ച കെട്ടിടത്തില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അധിനിവേശത്തിന്റെ ക്രിമിനല്‍ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്താനുള്ള ഇസ്രയേലിന്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയില്‍ കറുത്ത പുക ഉയന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീല്‍ അല്‍ ഹയ്യ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം.

Content Highlight; Israel's attack on Qatar; CPI(M) to protest on the 15th

dot image
To advertise here,contact us
dot image