'ഒന്നേകാൽ ലക്ഷം പിഴ എന്ന് കേട്ട് ഞെട്ടി'; മുല്ലപ്പൂ ചൂടിയതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി നവ്യാ നായർ

പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മെയിൽ അയച്ചു

'ഒന്നേകാൽ ലക്ഷം പിഴ എന്ന് കേട്ട് ഞെട്ടി'; മുല്ലപ്പൂ ചൂടിയതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി നവ്യാ നായർ
dot image

കൊച്ചി: മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി നവ്യാ നായര്‍. മെല്‍ബണ്‍ വിമാനത്താവളത്തില്‍ മുല്ലപ്പൂ കൊണ്ടുപോയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് പിഴ ചുമത്തിയിരുന്നത്. 15 സെന്റീമീറ്റര്‍ മുല്ലപ്പൂവാണ് നവ്യാ നായരുടെ കൈവശമുണ്ടായിരുന്നത്. സംഭവത്തില്‍ പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മെയിൽ അയച്ചിട്ടുണ്ട്.

അതേസമയം പിഴ ചുമത്തിയ കാര്യമറിഞ്ഞ് താന്‍ ഞെട്ടിപ്പോയി എന്ന് നവ്യാ നായര്‍ പ്രതികരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് സിറ്റിയോടാണ് നവ്യ ഇക്കാര്യം വ്യക്തമാക്കിയത്.15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൈവശം വച്ചതിന് ഒന്നര ലക്ഷം രൂപ പിഴ എന്ന് കേട്ടപ്പോള്‍ ഷോക്കായി പോയി എന്നായിരുന്നു നവ്യയുടെ പ്രതികരണം.

'ശരിക്കും ഞെട്ടി. വലിയ പിഴവാണ് സംഭവിച്ചത്. പക്ഷെ ഞാന്‍ ബാഗില്‍ സൂക്ഷിച്ചല്ല പൂക്കള്‍ കൊണ്ടുപോയത്. മുല്ലപ്പൂ തലയില്‍ ചൂടിയിരിക്കുകയായിരുന്നു, ഒളിച്ച് കൊണ്ടുപോയതല്ല. പക്ഷെ തലയില്‍ ചൂടാമോ എന്ന് ഉറപ്പിക്കാന്‍ ഓര്‍ത്തില്ല. എന്നാല്‍ യാത്രയുടെ തുടക്കത്തില്‍ എന്റെ ബാഗില്‍ പൂവ് സൂക്ഷിച്ചിരുന്നതിനാല്‍ ബാഗിന് പൂവിന്റെ മണമുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ സ്‌നിഫര്‍ നായ്ക്കള്‍ക്ക് അതിന്റെ മണമാണ് കിട്ടിയത്.' നവ്യാ നായര്‍ പറഞ്ഞു.

നിലവില്‍ തനിക്ക് പിഴ അടയ്ക്കുന്നതിന് 28 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെന്നും അന്ന് സംഭവിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മെയില്‍ അയച്ചിട്ടുണ്ടെന്നും നവ്യാ നായര്‍ വ്യക്തമാക്കി. താന്‍ അവരുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. പിഴ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ കുറച്ച് തരാനെങ്കിലും കഴിയുമോ എന്ന് അന്വേഷിച്ചിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Content Highlight; Navya Nair Reacts to Fine at Australian Airport Over Jasmine Flowers

dot image
To advertise here,contact us
dot image