പി പി തങ്കച്ചനെ അനുസ്മരിച്ച് സണ്ണി ജോസഫ്; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച് കെപിസിസി

'സൗമ്യശീലനായ അദ്ദേഹം എല്ലാവരോടും സൗഹൃദം പുലര്‍ത്തി'

പി പി തങ്കച്ചനെ അനുസ്മരിച്ച് സണ്ണി ജോസഫ്; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച് കെപിസിസി
dot image

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു പിപി തങ്കച്ചനെന്നും ദീര്‍ഘകാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പി പി തങ്കച്ചന്‍ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിലാണ് താന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡൻ്റായി പ്രവര്‍ത്തിച്ചത്. അദ്ദേഹം യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിച്ച കാലഘട്ടത്തിലും ജില്ലാ ചെയര്‍മാനായി പ്രവര്‍ത്തിക്കാനും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാലയളവില്‍ വലിയ പിന്തുണയും പ്രോത്സാഹനവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

സൗമ്യശീലനായ അദ്ദേഹം എല്ലാവരോടും സൗഹൃദം പുലര്‍ത്തി. യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവാണ് പി പി തങ്കച്ചനെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.

പാര്‍ലമെന്ററി രംഗത്തും സംഘടനാരംഗത്തും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു.എറണാകുളം ഡിസിസി പ്രസിഡന്റായും എംഎല്‍എയായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം സ്പീക്കറായും മന്ത്രിയായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. സമഭാവനയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. മുന്‍സിഫ് സെലക്ഷന്‍ കിട്ടിയിട്ടും അതുപേക്ഷിച്ച് പൊതുപ്രവര്‍ത്തനം തെരഞ്ഞെടുത്ത വ്യക്തിയാണ് പിപി തങ്കച്ചനെന്നും അദ്ദേഹം പറഞ്ഞു. പിപി തങ്കച്ചനെ പോലൊരു മുതിര്‍ന്ന നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. പിപി തങ്കച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്‍റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വർഷമാണ് യുഡിഎഫിനെ പി പി തങ്കച്ചൻ എന്ന കൺവീനർ കെട്ടുറപ്പോടെ നയിച്ചത്. 2005-ൽ എ കെ ആൻറണിക്ക് പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കൺവീനർ പദവി തങ്കച്ചൻ ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ വ്യാഴവട്ടകാലത്തിൽ കേന്ദ്ര കഥാപാത്രമായി പി പി തങ്കച്ചനുമുണ്ടായിരുന്നു. സ്പീക്കറായും മന്ത്രിയായും എംഎൽഎയുമായുള്ള ഭീർഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാർദത്തോടെയും യുഡിഎഫിനെ നയിക്കാൻ തങ്കച്ചന് കരുത്തായത്.

Content Highlight : Sunny Joseph remembers PP Thankachan

dot image
To advertise here,contact us
dot image