ഇലക്ട്രോ പ്ലേറ്റിംഗ് ആരംഭിച്ചു; ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്

ദേവസ്വം ബോർഡ് ഇന്ന് പുനഃപരിശോധനാ ഹർജി നൽകും

ഇലക്ട്രോ പ്ലേറ്റിംഗ് ആരംഭിച്ചു; ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്
dot image

പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരികെ എത്തിക്കാൻ ആകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. അതിന് കാലതാമസമുണ്ടാകും. ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു. തന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. കേവലം സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളത്. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സ്വർണപ്പാളി കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു.

അതിനിടെ സ്വർണപ്പാളികൾ തിരികെ എത്തിക്കണമെന്ന ദേവസ്വം ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഇന്ന് പുനഃപരിശോധനാ ഹർജി നൽകും. ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.

കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളി ഇളക്കിയെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോടതിയുടെ അനുമതിയോടെ മാത്രമെ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളൂവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മുൻകൂർ അനുമതിയില്ലാതെ സ്വർണപ്പാളി ഇളക്കി മാറ്റിയത് അനുചിതമാണെന്നും കോടതിയുടെ അനുമതി തേടാൻ ദേവസ്വം ബോർഡിന് മതിയായ സമയമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Travancore Devaswom Board President says Sabarimala gold plates taken for repairs will not be returned immediately

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us