പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

ഭർത്താവ് അനൂപിനെതിരെ മീരയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്

പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
dot image

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ് അനൂപെത്തി തിരികെ കൊണ്ടുപോയിരുന്നു. പിന്നീടാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നെന്നും അനൂപ് മീരയെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപുമായി പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ അന്നുതന്നെ തിരികെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് രാവിലെ ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മീര ആത്മഹത്യ ചെയ്തുവെന്ന് വിളിച്ച് പറയുന്നത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ എത്തി. അപ്പോഴേക്കും മീരയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

മീരയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തെയും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പിടിച്ചുനിന്ന മീര ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. മീരയുടെ മൃതദേഹം നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുളളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അനൂപിനെതിരെ മീരയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. അനൂപും ബന്ധുക്കളും ഇതുവരെ ആശുപത്രി പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും മീരയുടെ കുടുംബം ആരോപിക്കുന്നു.

Content Highlights: Woman found dead in her husband's house in Puthu Pariyaram, Palakkad

dot image
To advertise here,contact us
dot image