
കണ്ണൂര്‍: പികെ ഫിറോസ് റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്ന് കെടി ജലീല്‍ എംഎല്‍എ. പികെ ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീല്‍ പറഞ്ഞു. പികെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പികെ ഫിറോസ് പറഞ്ഞു.
ഉന്നാവോ, കത്വ പെണ്‍കുട്ടികളുടെ പേരില്‍ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗള്‍ഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'പികെ ഫിറോസ് നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ദുബായില്‍ നിന്ന് എന്നെ ഒരാള്‍ വിളിച്ചിരുന്നു. ഫിറോസ് സെയില്‍സ് മാനേജറാണ് എന്ന് പറയപ്പെടുന്ന കമ്പനി അവിടെ നാമമാത്രമായ ബിസിനസാണ് നടത്തുന്നത്. മാംസം കണ്ടെയ്‌നറില്‍ വരുന്നു. അവരത് മറിച്ച് വില്‍ക്കുന്നു. പക്ഷെ ആ സ്ഥാപനം യഥാര്‍ത്ഥത്തില്‍ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത് റിവേഴ്‌സ് ഹവാലയാണ്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് കോടിക്കണക്കിന് രൂപ ഗള്‍ഫിലെത്തിക്കുക. അതാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് കിട്ടിയ വിവരം. നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ ആണ് അവര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെടണം. ആ ഉത്തരവാദിത്തമാണ് ഞാന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്': കെടി ജലീല്‍ പറഞ്ഞു.
'രണ്ട് ഫണ്ടുകളാണ് പ്രധാനമായും, ഒന്ന് ഉന്നാവോ-കത്വ ഫണ്ട്. അതിക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പേര് പറഞ്ഞുകൊണ്ട്, വെളളിയാഴ്ച്ച പളളികളില്‍ നിന്നുപോലും സ്വരൂപിച്ച തുകയ്ക്ക് കണക്കില്ല. സംസ്ഥാന കമ്മിറ്റിയുടെ കൈയിൽ ഏല്‍പ്പിച്ചിട്ടുണ്ട് കോടിക്കണക്കിന് രൂപ. ആ പൈസയൊന്നും കാണാനില്ല. ദോത്തി ചാലഞ്ചാണ് അടുത്തത്. 2,72000 തുണികളാണ് വിറ്റഴിക്കപ്പെട്ടത്. അറുന്നൂറ് രൂപയ്ക്ക്. ആ ചലഞ്ചില്‍ ഇരുന്നൂറ് രൂപ പോലും വിലയില്ലാത്ത തുണിയാണ് കൊടുത്തത്. പൊതുപ്രവര്‍ത്തകന്മാര്‍ ബിസിനസുകാര്‍ ആകുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ അതിന് എവിടെ നിന്നാണ് അവര്‍ക്ക് പണം കിട്ടുന്നത്? പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗിച്ച് പിരിക്കുന്ന ഫണ്ട് മുക്കിയിട്ടാണോ ക്യാപിറ്റല്‍ കണ്ടെത്തേണ്ടത്?. പികെ ഫിറോസിന്റെ അച്ഛന്‍ കച്ചവടക്കാരനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം കച്ചവടക്കാരനല്ല. നടത്തിയ എല്ലാ കച്ചവടവും പൊളിഞ്ഞു. പൊളിഞ്ഞ കച്ചവടം നടത്തിയിട്ട് വീട്ടിലിരിക്കുന്ന പിതാവിന്റെ മകന്റെ കയ്യില്‍ ഇത്രയധികം ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ എവിടെനിന്നാണ് പണം? അദ്ദേഹത്തിന്റെ വീട്ടില്‍ പണം കായ്ക്കുന്ന മരമുണ്ടോ?': കെടി ജലീല്‍ ചോദിച്ചു.
കൊപ്പത്തെ ഫ്രാഞ്ചൈസിക്ക് പുറമേ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന 'യമ്മി ഫ്രൈഡ് ചിക്കന്‍' എന്ന ഷോപ്പും പികെ ഫിറോസിന്റേതാണ് എന്നാണ് കെടി ജലീലിന്റെ ആരോപണം. ഹൈലൈറ്റ് മാളിലെ സ്ഥാപനത്തില്‍ ഒരു പങ്കാളിത്തവുമില്ലെങ്കില്‍ ഫിറോസ് അത് കണ്ണടച്ച് നിഷേധിക്കണമെന്നും അല്ലെങ്കില്‍ മറ്റൊരു ബിനാമിയെ മുന്നില്‍ നിര്‍ത്തി ഫിറോസ് നടത്തുന്നത് തന്നെയാണ് ആ സ്ഥാപനമെന്ന് നാട്ടുകാര്‍ ഉറപ്പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.
Content Highlights: PK Feroz is conducting reverse hawala: KT Jaleel