'ചാന്‍സലറുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവരുന്നു'; വി സി നിയമനത്തില്‍ ഗവര്‍ണര്‍ വീണ്ടും നിയമപോരാട്ടത്തിന്

വി സി നിയമനം ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നാണ് രാജ്ഭവൻ്റെ വാദം

'ചാന്‍സലറുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവരുന്നു'; വി സി നിയമനത്തില്‍ ഗവര്‍ണര്‍ വീണ്ടും നിയമപോരാട്ടത്തിന്
dot image

തിരുവനന്തപുരം: സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിര വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വീണ്ടും നിയമപോരാട്ടത്തിന്. സ്ഥിരം വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.

പട്ടികയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതാണ് പരാതിക്ക് കാരണം. ചാന്‍സലറുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവരുന്നു എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. വി സി നിയമനം ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും രാജ്ഭവന്‍ പറയുന്നു. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനം. ഹര്‍ജിയില്‍ കക്ഷിചേരാന്‍ യുജിസിയും ആലോചിക്കുന്നുണ്ട്.

സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് സുധാന്‍ഷു ധൂലിയ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് സര്‍വകലാശാലകള്‍ക്കും വെവ്വേറെ പട്ടികയാണ് ജസ്റ്റിസ് ധൂലിയ തയ്യാറാക്കിയത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വി സി നിയമനത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് ധൂലിയയുടെ തീരുമാനം. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ടയേര്‍ഡ് ജഡ്ജി സുധാന്‍ഷു ധൂലിയയെ സുപ്രീം കോടതി നിയമിച്ചത്.

സര്‍ക്കാരും ഗവര്‍ണറും നല്‍കിയ പട്ടിക പരിഗണിച്ച് സെര്‍ച്ച് കമ്മിറ്റിയെ സമിതി ചെയര്‍മാന്‍ രൂപീകരിക്കുമെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ചെയര്‍മാന്റെ വിവേചനാധികാരമായിരിക്കുമെന്നും സ്ഥിരം വി സിയായി മൂന്ന് പേരുടെ പാനല്‍ ചെയര്‍മാന്‍ തീരുമാനിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

Content Highlights- governor rajendra arlekar will approach sc against search committe over vc appointment controversy

dot image
To advertise here,contact us
dot image