'സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ വിട്ടുവീഴ്ചയില്ല'; രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് സതീശനും ചെന്നിത്തലയും

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്

'സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ വിട്ടുവീഴ്ചയില്ല'; രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് സതീശനും ചെന്നിത്തലയും
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് നേതാക്കളുടെ പക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. രാഹുലിനെതിരെ നടപടിയെടുത്തത് ഐക്യകണ്‌ഠേനെയെന്നാണ് നേതാക്കളുടെ പക്ഷം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സംരക്ഷിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത് കെപിസിസി അധ്യക്ഷനാണ്. കെപിസിസി നടപടി പരസ്യമായി ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമാണെന്നാണ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. അടൂര്‍ പ്രകാശിന്റെ നിലപാട് എതിരാളികള്‍ ആയുധമാക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

ഇന്നലെയായിരുന്നു രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണം. ചാനലുകള്‍ രാഹുലിനെ ക്രൂശിക്കുകയാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എഐയുടെ കാലമല്ലേയെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ഇതുവരെയും രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് രാഹുലിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും എംഎല്‍എ സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും വിമര്‍ശനം ഉന്നയിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രണ്ട് തട്ടിലാണ്. രാഹുലിന് സംരക്ഷണം ഒരുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളെന്നും നേതാക്കള്‍ വിലയിരുത്തുന്നു. രാഹുലിനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്നും ഇവര്‍ നിലപാട് സ്വീകരിക്കുന്നു. ഗര്‍ഭഛിദ്രം അടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ സ്ത്രീകള്‍ക്കൊപ്പമെന്ന നിലപാട് ഉയര്‍ത്തി രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനിയും സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇവര്‍ പറയുന്നു. അതേസമയം രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ ഷാഫി പറമ്പില്‍ എംപിയും ഒരു വിഭാഗം നേതാക്കളും സ്വീകരിക്കുന്നത്. രാഹുലിനെ മാറ്റിനിര്‍ത്തരുതെന്നാണ് നേതാക്കള്‍ പറയുന്നത്. രാഹുലിനെതിരായ സസ്പെന്‍ഷന്‍ നടപടി അനാവശ്യമെന്നും രാഹുലിനെ ഒപ്പം നിര്‍ത്തണമെന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. രാഹുലിനെ മണ്ഡലത്തില്‍ എത്തിക്കാനും എ ഗ്രൂപ്പില്‍ ശക്തമായ നീക്കം നടക്കുന്നതായാണ് വിവരം.

Content Highlights- V D Satheesan And ramesh Chennithala again stand against rahul mamkootathil over sexual allegation

dot image
To advertise here,contact us
dot image