വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചാരണം; ഡോ. അരുണ്‍ കുമാറിന്റെ പരാതിയില്‍ കേസെടുത്തു

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെയുണ്ടായ അതിക്രമത്തിലും പൊലീസ് കേസെടുത്തു

വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചാരണം; ഡോ. അരുണ്‍ കുമാറിന്റെ പരാതിയില്‍ കേസെടുത്തു
dot image

കൊച്ചി: തനിക്കെതിരെ വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതായി കാട്ടി റിപ്പോര്‍ട്ടര്‍ ടി വി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. യുഡിഎഫ് ഫാമിലി ക്ലബ് (മിഷന്‍ 2025) എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനും ജസ്റ്റിന്‍ പുതുശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിനുമെതിരെ കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് പിന്നിൽ പ്രവര്‍ത്തിച്ചത് അരുണ്‍ കുമാര്‍ ആണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെയായിരുന്നു പ്രചാരണം. അരുണ്‍ കുമാറിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും കളങ്കപ്പെടുത്താന്‍ ഇടയാക്കിയെന്ന് കാട്ടിയായിരുന്നു പരാതി.

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെയുണ്ടായ അതിക്രമത്തിലും പൊലീസ് കേസെടുത്തു. ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവര്‍ക്കെതിരായണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു റിപ്പോര്‍ട്ടറിന്റെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയാണ് ചെയ്തത്. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.

Content Highlights: case has been registered on the complaint of Reporter TV Consulting Editor Dr. Arun Kumar

dot image
To advertise here,contact us
dot image