
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈംഗിക അപവാദക്കേസിൽപ്പെട്ട സഹപ്രവർത്തകരെയും നേതാക്കളെയും ഇതുപോലെ സംരക്ഷിച്ച നേതാവ് ഇന്ത്യയിലില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. മുഴുവൻ ഏർപ്പാടും മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച വിമർശനങ്ങൾക്കായിരുന്നു വാർത്താ സമ്മേളനത്തിൽ വി ഡി സതീശൻ മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രത്യേകമായ ഉപദേശത്തിന് നന്ദിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പരാതിയോ കേസോ ഇല്ലാതെ ധാർമ്മികതയുടെയും സ്ത്രീത്വത്തോടുള്ള ബഹുമാനത്തിന്റെയും പേരിൽ ഒരു പാർട്ടിക്ക് എടുക്കാൻ പറ്റുന്ന ഏറ്റവും വലിയ നടപടിയെടുത്തുവെന്നും ചൂണ്ടിക്കാണിച്ചു.
'എനിക്ക് നേരെ ചൂണ്ടിയ ഒരു വിരൽ ഒഴിച്ച് ബാക്കി നാല് വിരലും അദ്ദേഹത്തിന്റെ നെഞ്ചിലേക്കാണ് ചൂണ്ടിയത്. ലൈംഗിക അപവാദക്കേസിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്. സിപിഐഎമ്മിലെ മുതിർന്ന നേതാവിനെതിരെ പരാതികൊടുത്തതിൻ്റെ പേരിൽ അരികുവൽക്കരിച്ചു. എംഎൽഎ റേപ്പ് കേസിൽ പ്രതിയാണ്. ഇവരൊക്കെ ആരെയാണ് സംരക്ഷിക്കുന്ന'തെന്നും വി ഡി സതീശൻ ചോദിച്ചു. 'അവതാരം വന്നപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എവിടെ ആയിരുന്നു? മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാരം ഉണ്ടായിരുന്നയാൾ വൈകുന്നേരമായാൽ എവിടെയായിരുന്നു? ടിഷ്യൂ പേപ്പർ കൊടുത്താൽ മുഖ്യമന്ത്രി ഒപ്പിടുമെന്ന് അവകാശപ്പെട്ടയാളാണ് പ്രിൻസിപ്പൽ സെക്രട്ടറി. എന്നിട്ട് എത്രപേർക്കെതിരെ നടപടിയെടുത്തു?. ലൈംഗിക അപവാദ കേസുകളിൽപ്പെട്ട സഹപ്രവർത്തകരെ ഇതുപോലെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് രാജ്യത്തില്ല' എന്നും വി ഡി സതീശൻ പറഞ്ഞു.
കത്ത് വിവാദത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. തിരക്ക് പിടിക്കേണ്ടെന്നും ഒരുപാട് വാർത്തകൾ വരുമെന്നാണ് പറഞ്ഞതെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബോംബെന്ന് പറഞ്ഞിട്ടില്ലെന്നും സിപിഐഎം സൂക്ഷിക്കണം എന്നാണ് പറഞ്ഞതെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ അയ്യപ്പ ഭക്തി തന്റെയും ഭക്തി കൂട്ടിയെന്നും പ്രതിപക്ഷ നേതാവ് പരിഹാസിച്ചു. പണ്ട് എന്തൊക്കെയായിരുന്നു. നവോത്ഥാനമായിരുന്നു അന്ന്. സംഘപരിവാറിനെ താലോലിക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെയും പ്രതിപക്ഷ നേതാവ് വിമർശനം ഉയർത്തി. തിരക്ക് പിടിക്കേണ്ടെന്നും കാളയെക്കൊണ്ട് ബിജെപിക്ക് ഇന്ന് ഒരു ആവശ്യം വന്നല്ലോയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധമാണ് കൃഷ്ണകുമാർ പ്രതികരിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.
ഭൂപതിവ് ചട്ട ഭേദഗതി വീണ്ടും ഫീസ് മേടിക്കുന്ന അധർമ്മമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയം വീണ്ടും സങ്കീർണമാക്കുകയാണെന്നും സർക്കാർ പ്രതിക്കൂട്ടിലാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എഐ ക്യാമറ പദ്ധതിയിൽ അഴിമതി ആരോപിച്ചത് കൃത്യമായ തെളിവില്ലാതെയെന്ന ഹൈക്കോടതി വിധിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് കൃത്യമായ മറുപടി നൽകിയില്ല. വിധി പരിശോധിക്കട്ടെയെന്നും വിശദാംശങ്ങൾ വരട്ടെയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ക്ലോസ് ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Content Highlights: V D Satheesan against Chief Minister Pinarayi Vijayan