
കോഴിക്കോട്: ബത്തേരി ഹേമചന്ദ്രന്‍ കൊലക്കേസില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃതദേഹം ഉടന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കും. പരിശോധനാ ഫലം വൈകുന്നതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
2024 മാര്‍ച്ചിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂണ്‍ 28നാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നായിരുന്നു പൊലീസിന്റെ അനുമാനം. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോള്‍ മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യമൊഴി. എന്നാല്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
കേസില്‍ കഴിഞ്ഞദിവസം ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് പ്രതികളെ സഹായിച്ച ബത്തേരി സ്വദേശി വെല്‍ബിന്‍ മാത്യുവാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായി.
Content Highlights: Sultan Bathery Hema Chandran Murder Case DNA Result