
നിവിൻ പോളിയെ നായകനാക്കി അൽത്താഫ് സലിം ഒരുക്കിയ കോമഡി ഡ്രാമ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഒരു ഡാർക്ക് ഹ്യൂമർ ഴോണറിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വിജയമായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അൽത്താഫ്. ഇന്നായിരുന്നെങ്കിൽ സിനിമയ്ക്ക് കുറച്ച് കൂടി റീച്ച് കിട്ടിയേനെ എന്നും പക്ഷെ താൻ ആ സിനിമയിൽ ഹാപ്പി ആയിരുന്നെന്നും അൽത്താഫ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ഇറങ്ങുന്ന സമയത്ത് ഇത്രയും എക്‌സ്‌പോഷറുണ്ടായിരുന്നില്ല. ഒടിടിയ്ക്ക് ഇന്നത്തെ പോലെ റീച്ച് ഉണ്ടായിരുന്നില്ല. ഇതുപോലത്തെ സിനിമകൾ അധികം ആരും കണ്ടിട്ടുണ്ടായിരുന്നില്ല. ഡെഡ് പാൻ ഹ്യൂമർ എന്ന തരത്തിലുള്ള ഹ്യൂമർ അധികം എക്സ്പ്ലോർ ചെയ്യാത്ത കാരണം പോട്ടേ മോളേ എന്ന് പറയേണ്ട സീനിൽ വേറേ കാര്യം പറയുമ്പോൾ എന്തെങ്കിലും പറ്റിയതാണോ, ഈ സംവിധായകന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ തോന്നും. ഇന്നായിരുന്നെങ്കിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് കുറച്ച് കൂടി റീച്ച് കിട്ടിയേനെ. പക്ഷെ ആ സിനിമയുടെ ഔട്ട്പുട്ടിൽ ഞാൻ ഹാപ്പിയാണ്. ഞാൻ പ്ലാൻ ചെയ്തത് തന്നെയാണ് ഞാൻ എടുത്തത്', അൽത്താഫ് സലിം പറഞ്ഞു.
അഹാന, ലാൽ, ശാന്തി കൃഷ്ണ, സിജു വിൽസൺ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരായിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ മറ്റു അഭിനേതാക്കൾ. ജോർജ് കോര, അൽത്താഫ് സലിം എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ഫഹദ് നായകനായി എത്തുന്ന ഓടും കുതിര ചാടും കുതിരയാണ് ഇനി പുറത്തിറങ്ങാനുള്ള അൽത്താഫ് ചിത്രം. ണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഒരു പക്കാ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിരയെന്നും ചിത്രം ഒരുപാട് ചിരിപ്പിക്കുമെന്നും മുൻപ് നിർമാതാവ് ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: Althaf about Njandukalude Nattil Oridavela