
കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളത്തിലേക്ക് വരുമെന്നുള്ള എഎഫ്‌ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. ഇത് സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടായിരുന്നുവെന്നും അതെല്ലാം മറികടന്ന് മെസി കേരളത്തിലേക്ക് വരുന്നു എന്ന് പറയുന്നത് വലിയ കാര്യമാണെന്നും ഐ എം വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അര്‍ജന്റീന ടീമിന് കപ്പെടുക്കാന്‍ ഏറ്റവും അധികം പിന്തുണ ലഭിച്ചത് കേരളത്തില്‍ നിന്നാണ്. അക്കാര്യം ചൂണ്ടിക്കാട്ടി മെസിയുടെ ഒപ്പുള്ള ഒരു ജഴ്‌സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. ഡല്‍ഹിയില്‍ ആ ചടങ്ങ് നടക്കുമ്പോള്‍ താനും അവിടെ ഉണ്ടായിരുന്നു. കേരളത്തില്‍ എത്രത്തോളം ആരാധകര്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയാം. മെസി കേരളത്തില്‍ എത്തിയാല്‍ അത് ചെറിയ കുട്ടികള്‍ക്ക് വരെ വലിയ പ്രോത്സാഹനമായിരിക്കും. ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും മെസിയെ അടുത്ത് കാണാന്‍ കഴിഞ്ഞിട്ടില്ല. അടുത്തുകണ്ടാല്‍ മെസിയെ കെട്ടിപ്പിടിക്കണമെന്നും ഐ എം വിജയന്‍ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നായിരുന്നു ഫുട്ബോള്‍ ഇതിഹാസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കെഎഫ്എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ളവര്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തുവെന്നും അക്കാര്യത്തില്‍ അവര്‍ സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്.
വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചതോടെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സര്‍ ആയി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബര്‍ 20ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടു. എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസം മെസി കേരളത്തിലേക്ക് വരില്ല എന്ന രീതിയില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചു. ഫിഫ പുറത്ത് വിട്ട ഫുട്ബോള്‍ വിന്‍ഡോയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ ആ ഘട്ടത്തില്‍ പ്രതികരിച്ചിരുന്നു. 'മെസി വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് പ്രഖ്യാപിക്കേണ്ടത്. അതിനിടയില്‍, പച്ചാളം ഭാസി വന്നു, ചതിച്ചുവെന്ന നിലയ്ക്ക് വാര്‍ത്തകൊടുക്കരുത്. ഇതിന് പിന്നിലെ പ്രയത്‌നത്തെ ഇല്ലാതാക്കരുതെന്നും ആന്റോ അഗസ്റ്റിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന് പിന്നാലെ ജൂണ്‍ ആറിന് അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വീണ്ടും എത്തി. 'മെസി വരും ട്ടാ' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇതിന് സോഷ്യല്‍ മീഡിയില്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാന്‍ പരിശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും മെസി വരില്ലെന്ന പ്രചാരണം കൊഴുത്തു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചുവെന്ന നിലയിലായിരുന്നു പ്രചാരണം. എന്നാല്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഈ പ്രചാരണം തള്ളി രംഗത്തെത്തിയിരുന്നു. നല്ലൊരു ഫുട്ബോള്‍ സ്റ്റേഡിയം ഇല്ലാത്ത കേരളത്തില്‍ മെസി എങ്ങനെ കളിക്കുമെന്നായിരുന്നു അജണ്ട നിശ്ചയിച്ച് ചില വിശകലന വിദഗ്ധര്‍ ഈ ഘട്ടത്തില്‍ പ്രതികരിച്ചത്. മെസി എത്തുമെന്ന് സര്‍ക്കാരും സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡും കളവ് പ്രചരിച്ചുവെന്ന നിലയില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ വീണ്ടും പ്രചാരണം നടത്തുകയായിരുന്നു.
മെസിയും സംഘവും കേരളത്തിലേയ്ക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന അഭ്യൂഹങ്ങളോട് ആ ഘട്ടത്തിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കൃത്യമായി പ്രതികരിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചാണ് കമ്പനി എം ഡിയും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ വ്യക്തത വരുത്തിയത്. മെസി വരില്ലെന്ന് ആരെങ്കിലും ഔദ്യോഗികമായി പറഞ്ഞോ?, അവര്‍ കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കട്ടെ എന്നായിരുന്നു ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ടര്‍ ടിവി എഗ്രിമെന്റ് വെച്ച കാലം മുതല്‍ മെസി വരില്ലെന്നാണ് പറയുന്നത്. നമ്മള്‍ എടുത്ത ഇനിഷ്യേറ്റീവിനെ ബഹുമാനിക്കണം. മെസിയും സംഘവും വരില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ആന്റോ അഗസ്റ്റിന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് ശേഷം മെസി വരില്ലെന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് അയവുവന്നു. ഏറ്റവും ഒടുവില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തന്നെ മെസിയുടെ വരവ് സ്ഥിരീകരിച്ചിരിക്കുകയാണ്.
Content Highlights- Indian football legend I M Vijayan reaction on AFA official announcement over messi and team arrival