
തൃശ്ശൂര്‍: തൃശ്ശൂര്‍ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകര്‍ തന്റെ ജീവിതത്തില്‍ കയറി കൊത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ നാളുകളായി വേട്ടയാടുകയാണെന്നാണ് സുരേഷ് ഗോപിയുടെ ആരോപണം. തനിക്ക് കുടുംബം ഉണ്ടെന്ന് മറന്നു. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഇടപെടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'എന്റെ ജീവിതത്തിലാണ് നിങ്ങള്‍ കയറി കൊത്തിയത്. എന്നില്‍ ഒരു വ്യക്തിയുണ്ട്. ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട് എനിക്ക്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങള്‍ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാന്‍, ആര്‍എല്‍വി രാമകൃഷ്ണന്‍ അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു. ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല', സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യാപക വോട്ടുകൊള്ള നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ കള്ളവോട്ട് ചേര്‍ത്തു എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു ഈ ആരോപണവും ഉയര്‍ന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറായിരുന്നു ആരോപണം ഉയര്‍ത്തിയത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി അടക്കം നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപകമായി വോട്ട് ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. സുരേഷ് ഗോപിയുടെ ബന്ധുക്കള്‍ അടക്കം പതിനൊന്ന് പേരുടെ വോട്ട് ഇത്തരത്തില്‍ ചേര്‍ത്തതായായിരുന്നു റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ടുള്ളതായി ആരോപണം ഉയര്‍ന്നു. തൃശ്ശൂരിലെ കള്ളവോട്ട് ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്.
Content Highlights- suresh gopi reply to meadia over thrissur vote controversy