
പാലക്കാട്; പാലക്കാട് മുതലമടയില്‍ ആദിവാസിയെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവാണ് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. വെള്ളയന്‍ എന്ന യുവാവിനെയാണ് ആറ് ദിവസം മതിയായ ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത്.
ഊര്‍ക്കളം വനമേഖലയിലുള്ള ഫാംസ്റ്റേ ഉടമ ആദിവാസി യുവാവായ വെള്ളയനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദിക്കുകയായിരുന്നു. മുതലമട ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയന്‍ എന്ന ആദിവാസി യുവാവിനാണ് ദുരനുഭവമുണ്ടായത്. ആറ് ദിവസത്തോളം മുറിയില്‍ കിടന്ന ഇയാളെ ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് മെമ്പര്‍ കല്‍പനാദേവിയുടെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.
തേങ്ങ പെറുക്കുന്നതിനായി ആയിരുന്നു ഫാംസ്റ്റേയുടെ പരിസരത്തേക്ക് വെള്ളയൻ പോയത്. തേങ്ങ പെറുക്കുന്നതിനിടെ അവിടെ കണ്ട മദ്യക്കുപ്പിയില്‍ നിന്ന് മദ്യം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാംസ്‌റ്റേ വെള്ളയനെ പിടിച്ച് പൂട്ടിയിട്ട് മര്‍ദിച്ചത്.
Content Highlight; Incident of tribal youth locked in room in Muthalamada; Minister seeks report