അബിൻ വർക്കിക്കായി ചെന്നിത്തല, ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാൽ; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് പിടിവലി

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനിയൊരാളെ പരിഗണിക്കുമ്പോള്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കണമെന്ന് ഒരു വിഭാഗവും വനിതകളെ പരിഗണിക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.

dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് വേണ്ടി പിടിവലി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തല, ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാല്‍, കെ എം അഭിജിത്തിനായി എം കെ രാഘവനും ആവശ്യമുന്നയിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനിയൊരാളെ പരിഗണിക്കുമ്പോള്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കണമെന്ന് ഒരു വിഭാഗവും വനിതകളെ പരിഗണിക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ജെ എസ് അഖില്‍, വി പി അബ്ദുള്‍ റഷീദ്, അരിതാ ബാബു എന്നിവരെയും പരിഗണിക്കമെന്ന ആവശ്യമുയരുന്നുണ്ട്.

പുതിയ അധ്യക്ഷനായി തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് ദിവസത്തിനകം അധ്യക്ഷനാരെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Rahul mamkoottathil
രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലില്‍ റിനി യുവ നേതാവിന്റെ പേര് പറഞ്ഞില്ലെങ്കിലും 'ഹു കെയര്‍' എന്നാണ് ആ നേതാവിന്റെ ആറ്റിറ്റിയൂഡ് എന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് മുമ്പ് സമൂഹമാധ്യമത്തില്‍ രാഹുലിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഹു കെയര്‍' എന്നായിരുന്നു രാഹുലിന്റെ മറുപടി. അതുകൊണ്ട് തന്നെ റിനി ആരോപണമുയര്‍ത്തിയത് രാഹുലിനെതിരെയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. സ്ത്രീകള്‍ക്ക് രാഹുല്‍ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.

രാജിവെച്ചതിന് ശേഷവും രാഹുലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡറും രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നും രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉയരുമെന്നാണ് സൂചന. രാഹുല്‍ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി എന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇരകളായ യുവതികളുടെ പരാതികള്‍ക്കായി കാത്തിരിക്കുകയാണ് പൊലീസ്. പരാതി ലഭിച്ചാല്‍ ഉടനെ നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. വെളിപ്പെടുത്തിയവരോ തെളിവുകള്‍ പുറത്തുവിട്ടവരോ നിലവില്‍ രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്താന്‍ തയ്യാറായിട്ടില്ല.

Content Highlights: Congress leaders fight for Youth Congress president post after Rahul Mamkoottathil resignation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us