
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ്, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
പുതിയ അധ്യക്ഷനെ നിയമിച്ച് സംഘടനയെ സമര സജ്ജമാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. തെളിവുകള്‍ പുറത്തുവന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് രാഹുല്‍ സംസ്ഥാന അധ്യക്ഷപദം ഒഴിഞ്ഞത്. അവസാനഘട്ടം വരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.
യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോള്‍ തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാന്‍ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രമാദമായ സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും, അവര്‍ സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാള്‍ പൊയ്മുഖമുള്ള ആളാണ്. എപ്പോഴും 'ഹു കെയര്‍' എന്നാണ് ആറ്റിറ്റിയൂഡ്. അയാളൊരു ഹാബിച്വല്‍ ഒഫന്‍ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്‍ട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പറയില്ലെന്നും അയാള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നുമായിരുന്നു റിനിയുടെ മറുപടി.
ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.
Content Highlights- who become the next state president of youth congress after rahul mamkootathil resignation