
പാലക്കാട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി. കോണ്‍ഗ്രസ് സ്വീകരിച്ച നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ബിജെപി നിലപാട്. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി മാത്രം രാജിവച്ചതുകൊണ്ട് രാഹുലിനെതിരായ പ്രതിഷേധം അവസാനിക്കില്ലെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് വേണ്ടാത്ത സാധനങ്ങള്‍ വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയല്ല പാലക്കാടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാണ്. ഇന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പാലക്കാട് പ്രതിഷേധം സംഘടിപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്ന് പുറത്തുവന്നേക്കുമെന്നുള്ള സൂചനകളുമുണ്ട്.
ആരോപണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.
യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. അയാള്‍ പൊയ്മുഖമുള്ള ആളാണ്. എപ്പോഴും 'ഹു കെയര്‍' എന്നാണ് ആറ്റിറ്റിയൂഡാണ്. അയാളൊരു ഹാബിച്വല്‍ ഒഫന്‍ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്‍ട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പറയില്ലെന്നും അയാള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നുമായിരുന്നു റിനിയുടെ മറുപടി.
ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. സ്ത്രീകള്‍ക്ക് രാഹുല്‍ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.
രാജിവെച്ചതിന് ശേഷവും രാഹുലിനെതിരായി ആരോപണങ്ങൾ ഉയർന്നിരുന്നു. കൊച്ചിയിലെ ട്രാൻസ്ജെൻഡറും രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ എന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇരകളായ യുവതികളുടെ പരാതികൾക്കായി കാത്തിരിക്കുകയാണ് പൊലീസ്. പരാതി ലഭിച്ചാൽ ഉടനെ നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. വെളിപ്പെടുത്തിയവരോ തെളിവുകൾ പുറത്തുവിട്ടവരോ നിലവിൽ രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്താൻ തയ്യാറായിട്ടില്ല
Content Highlights: BJP against Rahul Mamkoottathil on allegations