ബലാത്സംഗക്കേസ്: റാപ്പര്‍ വേടൻ്റെ അറസ്റ്റ് തടഞ്ഞ നടപടി തിങ്കളാഴ്ച വരെ നീട്ടി ഹൈക്കോടതി

വേടന് ജാമ്യം നല്‍കിയാല്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കപ്പെടുമെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞു

dot image

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുളള നടപടി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ചയ്ക്കുളളില്‍ പരാതിക്കാരി തെളിവ് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ തിങ്കളാഴ്ച ഹാജരാക്കണമെന്നും മറ്റൊരു ദിവസം അതിനായി നല്‍കാനാവില്ലെന്നും കോടതി പരാതിക്കാരിയുടെ അഭിഭാഷകയോട് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ടു മാത്രം ബലാത്സംഗക്കുറ്റം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ അറിയിക്കൂ എന്നാണ് പരാതിക്കാരിയുടെ അഭിഭാഷകയോട് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞത്. മറ്റ് കേസുകളിലെ വാദങ്ങളാണ് വേടന്റെ ഈ കേസിലെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ വേണ്ടി ഉന്നയിക്കുന്നതെന്നും അക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ മുന്നിലുളള വസ്തുതകള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുക്കുന്നതെന്നും കോടതി പറഞ്ഞു.

വേടന് ജാമ്യം നല്‍കിയാല്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കപ്പെടുമെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. ലക്ഷക്കണക്കിനുപേര്‍ പിന്തുടരുന്ന ആളാണ് വേടന്‍. അതിനാല്‍ വേടന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. എന്നാല്‍ കോടതിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉന്നയിക്കൂ എന്ന് ഹൈക്കോടതി പരാതിക്കാരിയുടെ അഭിഭാഷകയോട് പറഞ്ഞു.

ഇന്നലെയാണ് വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുംവരെയായിരുന്നു കോടതി വേടന്റെ അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു.

'ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ല', ഹൈക്കോടതി പറഞ്ഞു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Content Highlights: Highcourt stays rapper vedan's arrest till monday on rape case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us