
വാർത്തകളിൽ ഇന്നും ഇടം പിടിക്കുന്ന മുൻ ക്രിക്കറ്റ് താരമാണ് വിനോദ് കാംബ്ലി. ആരോഗ്യപ്രശ്‌നങ്ങൾ മൂലം കിടപ്പിലായ താരം ഇപ്പോഴും പൂർണമായും ഭേദമായിട്ടില്ലെന്ന് പറയുകയാണ് സഹോദരനായ വിരേന്ദ്ര കാംബ്ലി. തലച്ചോറിൽ ക്ലോട്ടിങ്ങുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ പിന്നീട് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. നിലവില്‍ ചികിത്സയിലുള്ള കാംബ്ലിക്ക് ആശ്വാസമുണ്ടെങ്കിലും പൂർണ ആരോഗ്യവാനായിട്ടില്ല.
ഡിസംബറിലായിരുന്നു ഈ സംഭവങ്ങൾ. ഒമ്പത് മാസങ്ങൾക്കിപ്പറം അന്നത്തെ അപേക്ഷിച്ച് ആരോഗ്യത്തിൽ പുരോഗതിയുണ്ടെങ്കിലും ഇനിയും അദ്ദേഹത്തിന് ഒരുപാട് മുന്നോട്ട് പോകാനുണ്ട്. നടക്കാനടക്കം ബുദ്ധിമുട്ടുള്ള കാംബ്ലി നിലവിൽ ബാന്ദ്രയിലെ സ്വന്തം വീട്ടിലാണുള്ളത്. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സഹോദരനായ വിരേന്ദ്ര കാംബ്ലി.
'നിലവിൽ അവൻ വീട്ടിലാണ്, അവൻ സ്‌റ്റേബിളായി വരുന്നുണ്ട്. ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. സംസാരിക്കാൻ അവന് ബുദ്ധിമുട്ടുണ്ട്. അതിൽ നിന്നും കരകയറാൻ അവൻ സമയമെടുക്കും. അവൻ ഒരു ചാമ്പ്യനാണ്, തിരിച്ചുവന്നിരിക്കും. അവൻ നടക്കാനും ഓടാനും തുടങ്ങും. അവനിൽ എനിക്ക ഒരുപാട് വിശ്വാസമുണ്ട്. കാംബ്ലിയെ നിങ്ങൾ ഗ്രൗണ്ടിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' വിക്കി ലാൽവാനി ഷോയിൽ സംസാരിക്കവെ വിരേന്ദ്ര പറഞ്ഞു.
10 ദിവസം വിനോദ് കാംബ്ലി റിഹാബിലായിരുന്നുവെന്നും ഫുൾ ബോഡി ചെക്കപ്പും ബ്രെയിൻ, യൂറിൻ ടെസ്റ്റ് എന്നിവ നടത്തിയെന്നും സഹോദരൻ പറയുന്നു.
'റിസൽട്ടുകളെല്ലാം നല്ലതായിരുന്നു; അധികം പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, പക്ഷേ അദ്ദേഹത്തിന് നടക്കാൻ കഴിയാത്തതിനാൽ ഫിസിയോതെറാപ്പിക്ക് വിധേയനാകാൻ നിർദ്ദേശിച്ചു. സംസാരിക്കാൻ ഇപ്പോഴും മര്യാദക്ക് സാധിക്കുന്നില്ല പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവരോട് അത് തുടരാൻ ഞാൻ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്,' വിരേന്ദ്ര കൂട്ടിച്ചേർത്തു.
Content Higlights- Vinod Kambli's Brother's Request to Fans to Pray for his brother