
കണ്ണൂര്‍: കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എംഎസ്എഫ് പ്രവര്‍ത്തകരുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചില്ലെന്ന് ആരോപണം. ഇതേ ചൊല്ലി എസ്എഫ്‌ഐ എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജിനകത്തും സിപിഐഎം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജിന് പുറത്തും തര്‍ക്കമുണ്ടായി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പത്രിക സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് കോളേജിനകത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതേ സമയം കോളേജിനു മുന്നിലും റോഡിലും ആളുകള്‍ തടിച്ചുകൂടി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലേക്കെത്തിയപ്പോഴാണ് കൂടുതല്‍ പൊലീസ് എത്തി സംഘര്‍ഷം ഒഴിവാക്കിയത്.
കോളേജില്‍ പത്രിക സ്വീകരിക്കാത്തതില്‍ എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ നവാസ് പ്രതിഷേധിച്ചു. എംഎസ്എഫിന് വേണ്ടി പത്രിക സമര്‍പ്പിക്കുവാന്‍ ആരും എത്തിയില്ലെന്ന് ഉറപ്പുവരുത്താന്‍ സിഐടിയുക്കാരെ കോളേജിന് മുന്നില്‍ എത്തിച്ചുവെന്നും നവാസ് ആരോപിച്ചു.
'കണ്ടിട്ട് പഠിക്കാന്‍ വന്ന CITU അപ്പൂപ്പന്മാരാണെന്ന് തോന്നുന്നുണ്ടോ?
എന്നാ അങ്ങനെയല്ല
സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം
എന്ന് കൊടിയില്‍ എഴുതിയ sfi ക്കെതിരെ msf-ksu നോമിനേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതറിഞ്ഞ് തടയാന്‍ വന്നതാണ്.
നോമിനേഷന്‍ സമയം കഴിയുന്നത് വരെ കാവലിരുന്ന് sfi അല്ലാത്ത ഒരാളെയും നോമിനേഷന്‍ കൊടുത്തില്ല എന്ന് ഉറപ്പ് വരുത്തി ചേട്ടന്മാര്‍.
വൈകീട്ട് sfi പോസ്റ്റര്‍ ഇറക്കി
'ടാസ്‌ക് കോളേജ് എന്നും ചുകന്ന് തന്നെ' sfi സിന്ദാബാദ്
കണ്ണൂര്‍ ചുകന്ന് തന്നെ സിന്ദാബാദ്', പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: Allegations that MSF activists' nomination papers were not accepted