
കൊച്ചി: നടന്‍ മമ്മൂട്ടി രോഗം മാറി തിരിച്ചെത്തുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ഓര്‍മയിലേക്ക് തിരിച്ചുവന്ന ദിവസങ്ങളില്‍ താന്‍ ആദ്യം കണ്ട ആശംസാ സന്ദേശം മമ്മൂക്കയുടേതായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. 'എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ത്ഥനകളുടെ പിന്‍ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്ന ഒരാളല്ലേ ഞാന്‍. ഓര്‍മയിലേക്ക് തിരിച്ചുവന്ന ദിവസങ്ങളില്‍ ഞാനാദ്യം കണ്ട ആശംസാ സന്ദേശവും മമ്മൂക്കയുടേത് തന്നെയായിരുന്നല്ലോ. വാര്‍ത്തയറിയുമ്പോള്‍ മനസിന് നല്ല തണുപ്പ്. സമാധാനം'- ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയുടെ തിരിച്ചുവരവ് അത്യധികം ആഗ്രഹിച്ച വാര്‍ത്തയാണ് എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചത്. മമ്മൂട്ടി ഊര്‍ജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേള്‍ക്കുന്നതെന്നും കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. 'കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി ഊര്‍ജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം സന്തോഷം പകരുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സകല മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു!: രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി പൊതുവേദികളില്‍ നിന്നും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്‍കി പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റായിരുന്നു ജോര്‍ജ് എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
Content Highlights: uma thomas mla about actor mammootty health recovery and come back