
കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ എംഎസ്എഫ് വർഗീയത വളർത്തുന്നുവെന്ന എസ്എഫ്‌ഐ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ പി കെ നവാസ്. ലീഗ് വർഗീയ സംഘടനയാണെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. സംഘപരിവാറിന്റെ അഭിപ്രായമാണ് എസ്എഫ്‌ഐ നേതാക്കൾ പ്രസംഗിക്കുന്നതെന്നും നവാസ് കോഴിക്കോട് പറഞ്ഞു. എംഎസ്എഫ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നതായി ഇന്നലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും ആരോപിച്ചിരുന്നു.
വംശീയ വെറി പുറത്തുചാടുന്ന പരാമർശമാണ് സിപിഐഎം, എസ്എഫ്ഐ നേതൃത്വം നടത്തുന്നതെന്നും നവാസ് പറഞ്ഞു. അറബിക് കോളേജുകളിൽ അറബി മാത്രമാണ് പഠിപ്പിക്കുന്നതെന്നാണ് ഇവർ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇവർ എന്തിനാണ് വിവരക്കേട് പറയുന്നത്. അറബിക് കോളേജിൽ മുസ്‌ലിം കുട്ടികൾ മാത്രമാണ് പഠിക്കുന്നതെന്ന തെറ്റിദ്ധാരണ സിപിഐഎമ്മിനോ എസ്എഫ്ഐക്കോ ഉണ്ടെങ്കിൽ അവർ അത്തരം കോളേജുകളിൽ പോയി നോക്കണം. അവിടെ മുസ്‌ലിം കുട്ടികൾ മാത്രമല്ല പഠിക്കുന്നത്. സംസ്‌കൃത സർവ്വകലാശാലയിൽ സംസ്‌കൃതം മാത്രമാണ് പഠിപ്പിക്കുന്നതെന്ന് എസ്എഫ്‌ഐ വിചാരിക്കരുതെന്നും നവാസ് പറഞ്ഞു.
ശശികലയിട്ട ഇലയിലേക്കുള്ള സദ്യയാണ് നിങ്ങൾ വിളമ്പുന്നതെന്ന മിനിമം ബുദ്ധിയെങ്കിലും എസ്എഫ്‌ഐ നേതാക്കൾക്കുണ്ടാകണമെന്നും നവാസ് പറഞ്ഞു. അത് കമ്മ്യൂണിസ്റ്റ് സദ്യയല്ല, കാവി സദ്യയാണ്. സിപിഐഎമ്മിന്റെ പാർട്ടി സെക്രട്ടറിക്ക് ലീഗ് വർഗീയ സംഘടനയാണെന്ന അഭിപ്രായമില്ല, എന്നാൽ എസ്എഫ്‌ഐ നേതാവിന് ലീഗ് വർഗീയ സംഘടനയാണെന്ന നിലപാടാണ്. കേരളത്തിലെ ഒരു സിപിഐഎം, ഡിവൈഎഫ്‌ഐ നേതാവു പോലും എസ്എഫ്‌ഐ നേതാവിന്റെ അഭിപ്രായത്തെ പിന്തുണച്ചത് രംഗത്തുവന്നിട്ടില്ല. ആകെ വന്നത് വർഗീയത പ്രസംഗിക്കുന്ന ഹിന്ദുഐക്യവേദി നേതാവ് ശശികലയാണെന്നും നവാസ് പറഞ്ഞു.
ആർഷോയും എസ്എഫ്‌ഐ സെക്രട്ടറിയും പാർട്ടി ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാനാണ് പോയതെന്ന് തോന്നുന്നുവെന്നും നവാസ് പരിഹസിച്ചു. ഇപ്പോഴത്തെ എസ്എഫ്‌ഐ സെക്രട്ടറി സിനിമയ്ക്ക് പോയത് എബിവിപി നേതാക്കൾക്കൊപ്പമാണോ എന്ന് സംശയിക്കണമെന്നും നവാസ് പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾ എംഎസ്എഫ് ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നാണ് കെ കെ രാഗേഷ് പറഞ്ഞത്. സപിഐഎമ്മിന്റെ ഹോം ഗ്രൗണ്ടായ കണ്ണൂരിൽ മറ്റൊരു പാർട്ടി അക്രമം ആസൂത്രിതമായി ഉണ്ടാക്കിയെന്ന് പറയുന്നത് തന്നെ അസംബന്ധമാണെന്നും നവാസ് പറഞ്ഞു. എംഎസ്എഫിന്റെ സ്ഥാനാർത്ഥികൾ കള്ളവോട്ട് ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം. ബൂത്തിലെ സിസിടിവി റെക്കോർഡുകൾ പുറത്തുവിടാൻ ഇടതുപക്ഷ അനുഭാവിയായ രജിസ്ട്രാർ തയ്യാറാണോയെന്നും നവാസ് ചോദിച്ചു.സിപിഐഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന സംഘമായി പൊലീസ് മാറിയെന്നും നവാസ് കൂട്ടിച്ചേർത്തു.
Content Highlights: P K Navas reacts sfi leaders allegations against MSF