
തിരുവനന്തപുരം: മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ സജീവമാക്കാന്‍ യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആര്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെ കോഴിക്കോടാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
എല്‍ഡിഎഫില്‍ അസംതൃപ്തരായ പാര്‍ട്ടികളെ യുഡിഎഫിലേക്ക് എത്തിക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി അടക്കമുള്ള കക്ഷികളെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആര്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്.
കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറിനെ ഉള്‍പ്പെടെ ഒഴിവാക്കി രഹസ്യമായാണ് ഇരുവരും തമ്മില്‍ കണ്ടത്. അതേസമയം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്നതിനെ ആര്‍ജെഡിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്നണി വിട്ടാല്‍ ആര്‍ജെഡി പിളരുമോ എന്നാണ് എം വി ശ്രേയാംസ് കുമാറിന്റെ ആശങ്ക. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് രഹസ്യനീക്കങ്ങള്‍ തുടരുന്നുണ്ട്. എല്‍ഡിഎഫില്‍ ഇരു പാര്‍ട്ടികള്‍ക്കും ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്ന പരാതിയുണ്ട്. ഈ സാഹചര്യം മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതേസമയം എം വി ശ്രേയാംകുമാറുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
Content Highlights: Congress Leader Ramesh Chennitha Meeting with M V Shreyams Kumar