
പാലക്കാട്: മലപ്പുറത്തെ വോട്ടറായ ബിജെപി നേതാവ് വി ഉണ്ണികൃഷ്ണൻ തൃശൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് ജി വാര്യര്‍. തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടും ചെയ്തിട്ടുമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ ഒന്നര വര്‍ഷമായി തൃശൂരില്‍ സ്ഥിരതാമസക്കാരനായിരുന്നുവെന്നാണ് ഇതിന്‍റെ കാരണമായി പറയുന്നതെന്നും ഇത് പച്ചക്കള്ളമാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.
'ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട്. തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശൂരിലേക്ക് ചേര്‍ത്തു എന്നതിന്റെ വ്യക്തമായ തെളിവാണ്. ഒന്നരവര്‍ഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്', അദ്ദേഹം പറഞ്ഞു.
തൃശൂരിലാണ് താമസമെങ്കില്‍ ആരുടെ കൂടെയായിരുന്നു താമസം എന്നത് കൂടെ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തേണ്ടിവരുമെന്നും സന്ദീപ് പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ കുടുംബം മലപ്പുറത്ത് തന്നെയാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വ്യാജ വോട്ടുകള്‍ തൃശൂരില്‍ ചേര്‍ത്തു എന്നത് വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചന പൊലീസിന് അന്വേഷിക്കാവുന്നതേയുള്ളൂവെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം തൃശൂരിലാണ് വോട്ട് ചെയ്തതെന്ന് വി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഒന്നര വര്‍ഷമായി തൃശൂരിലാണെന്നും തൃശൂരിലേക്ക് മാറിയപ്പോള്‍ വോട്ടും മാറ്റി. തനിക്ക് തൃശൂരില്‍ തെരഞ്ഞെടുപ്പ് ചാര്‍ജ് ആയിരുന്നുവെന്നും വി ഉണ്ണികൃഷ്ണൻ പറഞ്ഞു. ബിഎല്‍ഒമാര്‍ അന്വേഷിച്ച് വോട്ട് ചേര്‍ക്കുന്നതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് വോട്ട് ചേര്‍ത്തതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടികയിലെ ക്രമക്കേട് വെളിപ്പെടുത്തി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പിന്നാലെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും ആരോപിച്ചിരുന്നു.
Content Highlights: Sandeep G Varier says there is voter list manipulation in Thrissur