
നല്ല ആരോഗ്യ ശീലങ്ങൾ പിന്തുടരുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ ഇതും അമിതമായി പോയാൽ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി ചെയ്യുന്ന ചില നല്ലകാര്യങ്ങൾ അമിതമായി പോയാൽ അത് ശരീരത്തെ ആകമാനം ബാധിക്കും. ഈ അപകടങ്ങൾ മുൻകൂട്ടി മനസിലാക്കിയാൽ മാത്രമേ ഇത്തരം ശീലങ്ങൾക്ക് നിയന്ത്രണം സാധ്യമാകു.അധികമായാൽ അമൃതവും വിഷമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഡോ ഡിമിട്രി യാരനോവ്. ഇരുപതുകളിലൂടെയും മുപ്പതുകളിലൂടെയും കടന്നുപോകുന്ന യുവതലമുറയിൽപ്പെട്ട പലരും ഇത്തരം ശീലങ്ങള്‍ രോഗികളാക്കി മാറ്റുന്നുവെന്ന് ഡോക്ടർ പറയുന്നു.
പ്രോട്ടീൻ നല്ലതാണ് പക്ഷേ അമിതമായാലോ..?
പെട്ടെന്ന് ഭാരം കുറയ്ക്കാൻ, ഹൈ പ്രോട്ടീൻ ഡയറ്റുകൾ മികച്ചതാണ്. എന്നാൽ കാർണിവോർ ഡയറ്റാണെങ്കിലോ? കാർബോഹൈഡ്രേറ്റസ് കട്ടാവുമ്പോൾ പോഷകങ്ങളുടെ കുറവ് വരും. ഫൈബറും എസൻഷ്യൽ ന്യൂട്രിയന്റുസുമൊക്കെ കുറയുമ്പോൾ വായ്‌നാറ്റം, തലവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും. ഹൈപ്രോട്ടീൻ ഡയറ്റുകളാണെങ്കിൽ വലിയ തോതിൽ റെഡ് - പ്രോസസ്ഡ് മീറ്റ് എന്നിവയാണ് ഉൾപ്പെടുക. ഇതിൽ സാച്ചുറേറ്റഡ് ഫാറ്റ് അധികമായിരിക്കും. ഇത്തരത്തിലുള്ള അമിത പ്രോട്ടീൻ അളവ് വൃക്കകളെ നന്നായി ബാധിക്കും. പ്രോട്ടീൻ മെറ്റബോളിസത്തിലെ ബൈപ്രോഡക്ടുകളെ കൊണ്ട് ശരീരം കഷ്ടപ്പെടുമെന്നാണ് മയോ ക്ലിനിക്ക് പറയുന്നത്. അതിനാൽ പ്രോട്ടീൻ സമ്പുഷ്ടമായ സോയാബീൻ, നട്ട്‌സ്, ഫിഷ്, ലീൻ പോൾട്രി, ലീൻ ബീഫ്, ലോ ഫാറ്റ് ഡയട്രി, എഗ് വൈറ്റ് എന്നിവ കഴിക്കാനാണ് മയോ ക്ലിനിക്ക് റെക്കമന്റ് ചെയ്യുന്നത്. ഹൈ പ്രോട്ടീൻ പ്ലാൻ മനസിലുണ്ടെങ്കിൽ ഒരു ആരോഗ്യവിദഗ്ദനെ സമീപിക്കുന്നത് നല്ലതായിരിക്കും.
വീക്ക് എൻഡിൽ മാത്രമൊന്നു മദ്യപിക്കുന്നതും അമിതമായാലോ..?
ആഫ്രിക്കൻ ജേർണൽ ഒഫ് ബയോളജിക്കൽ സയൻസിൽ വന്ന ഒരു പഠനം പറയുന്നത്, വാരാന്ത്യത്തിലുള്ള സോഷ്യൽ ഡ്രിഗിങ് രക്തസമ്മർദം വർധിപ്പിക്കാമെന്നാണ്. പലപ്പോഴും ഇതാരും ശ്രദ്ധിക്കാറില്ല. ചിലർ ഒറ്റയടിക്ക് ഒരുപാട് മദ്യപിക്കാം. ഇത് കരൾ, ഹൃദ്രോഗം, പ്രതിരോധശേഷി കുറയ്ക്കുക എന്നിങ്ങനെയുള്ള ഒരുപാട് പ്രശ്‌നങ്ങൾക്ക് കാരണമാകും. തലച്ചോറിനെ തന്നെ ഈ ശീലം നന്നായി ബാധിക്കും. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെയും ഉറക്കം നഷ്ടപ്പെടാനും ഈ ശീലം കാരണമാകും. പറയുമ്പോൾ ആഴ്ചയിൽ ഈ ഒരു ടൈമിലല്ലേ കുടിക്കുന്നുള്ളു എന്നാവും മറുപടി. അനാവശ്യമായി അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തിവരെ ഇതിലൂടെയുണ്ടാകാം..
വ്യായാമം അമിതമായാലോ..?
ഹൃദയം ആരോഗ്യത്തോടെ ഇരിക്കാൻ വ്യായാമം വളരെ നല്ലതാണ്. പക്ഷേ ശരീരത്തെ ആവശ്യത്തിലധികം വ്യായാമം നടത്തി ക്ഷീണിപ്പിക്കുന്നത് ശരിയല്ല. മാരത്തോൺ ഓട്ടത്തിൽ പങ്കെടുക്കുന്നവരെ നിരീക്ഷിച്ചതിൽ നിന്നും ഹൃദയാരോഗ്യത്തിന് അതത്ര നല്ലതല്ലെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം എത്തിയിരിക്കുന്നത്. നിരന്തരമായി ഉണ്ടാകുന്ന സ്ട്രസ് ഹൃദയത്തിന്റെ ഭിത്തികൾ കട്ടിയാകാനും സ്‌കാറുകൾ ഉണ്ടാകാനും ഇടയാക്കും. ഹൈപ്പർട്രോപിക്ക് കാർഡിയോ മയോപതിയുള്ള ആളുകൾക്ക് തീവ്രതയുള്ള വ്യായാമം പോലുള്ള പ്രവർത്തികൾ ഹൃദയാഘാതത്തിന് കാരണമാകും. ആഴ്ചയിൽ 150 മിനിറ്റോളമുള്ള നടത്തം, ജോഗിങ്, നീന്തൽ ഇവയൊക്കെ ഹൃദയത്തിന് നല്ലതാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.
Content Highlights: Avoid these three habits which is highly Unhealthy