'മുറിയില്‍ കണ്ടെത്തിയത് നേരത്തെ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ്, കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാൻ അയച്ചു'

'റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള്‍ മടക്കി അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു'

dot image

തിരുവനന്തപുരം: തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള്‍ മടക്കി അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. അങ്ങനെ വന്ന ഉപകരണങ്ങളാണ് റൂമില്‍ ഉണ്ടായിരുന്നതെന്നും ഹാരിസ് ചിറക്കല്‍ പറയുന്നു. കെജിഎംസിടിഎ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ഹാരിസിന്റെ പ്രതികരണം.

നേരത്തേ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു പെട്ടിയില്‍ നിന്ന് ഉപകരണം കണ്ടെത്തിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ ജബ്ബാര്‍ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടെത്തിയതില്‍ അസ്വാഭാവികത തോന്നിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.

നിലവില്‍ ഹാരിസ് ചിറക്കല്‍ അവധിയിലാണെന്നും താക്കോല്‍ മറ്റൊരു ഡോക്ടറുടെ കൈയിലാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സിസിടിവി പരിശോധിച്ചുവെന്നും മുറിക്കുള്ളില്‍ ആരോ കടന്നതായി വ്യക്തമായെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്തുകൊണ്ട് പൊലീസിന് പരാതി നല്‍കിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളത് സര്‍ക്കാരിനാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.

നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന ആരോപണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഓസിലോസ്‌കോപ്പ് എന്ന ഉപകരണത്തിന്റെ ഭാഗമായ മോസിലോസ്‌കോപ്പ് എന്ന ഭാഗം കാണാനില്ലെന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരം. എന്നാല്‍ അത്തരത്തില്‍ ഒരു ഉപകരണം കാണാതായിട്ടില്ലെന്നായിരുന്നു ഹാരിസ് ചിറക്കല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് പെട്ടി കണ്ടെത്തുന്നത്. ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ നെഫ്രോസ്‌കോപ്പിന്റെ ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇതിന് മുകളില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയ ബില്ല് എങ്ങനെ വന്നു എന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്.

Content Highlights- Dr Haris Chirakkal reply to medical college pricipal over his allegation on surgical instrument theft

dot image
To advertise here,contact us
dot image