
എഎംഎംഎയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മാല പാർവതി. നടൻ ബാബുരാജ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയത് സരിത എസ് നായരുടെ പരാതിയെ തുടർന്നാണെന്ന് മാല പാർവതി പറഞ്ഞു. എഎംഎംഎയുടെ ആസ്തിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്നും അഞ്ചരകോടി നീക്കിയിരിപ്പ് ഉണ്ടെന്നിരിക്കെ 2 കോടി മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാക്കി ഉണ്ടാക്കിയത് ബാബുരാജ് ആണെന്നും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മാല പാർവതി പറഞ്ഞു. റിപ്പോർട്ടർ ടി വി യോടായിരുന്നു പ്രതികരണം. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശിക അടച്ചുതീര്‍ത്തു എന്നുമുള്ള ആരോപണവുമായി സരിത എസ് നായര്‍ നേരത്തെ രംഗത്തുവന്നിരുന്നു.
'ശ്വേത മേനോനെതിരെയുള്ള പരാതിയിൽ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നു. എഎംഎംഎയുടെ ആസ്തിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. അഞ്ചരകോടി നീക്കിയിരിപ്പ് ഉണ്ടെന്നിരിക്കെ 2 കോടി മാത്രമെന്നും ബാക്കി ഉണ്ടാക്കിയത് ബാബുരാജ് ആണെന്നും തെറ്റിദ്ധരിപ്പിക്കുന്നു. അഡ്ഹോക് കമ്മിറ്റിക്ക് കുടുംബ സംഗമം നടത്താൻ അധികാരമില്ല. ബാബുരാജ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയത് സരിത എസ് നായരുടെ പരാതിയെ തുടർന്നാണ്.
മെമ്മറി കാർഡ് വിവാദം ശ്രദ്ധ തിരിക്കാൻ ഉണ്ടാക്കിയ വിവാദമാണ്. ഏഴര വർഷം ഇവർ എവിടെ പോയി ഈ മെമ്മറി കാർഡ്. എന്തുകൊണ്ട് നേരത്തേ പരാതി പറഞ്ഞില്ല. ഒരു ഗ്രൂപ്പിന് അനുകൂലമായ സാഹചര്യം എഎംഎംഎയിൽ ഉണ്ടായിരുന്നു. 'അമ്മയുടെ പെൺമക്കൾ ' എന്ന വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങാൻ ആരാണ് അവകാശം നൽകിയത്.
പൊന്നമ്മ ബാബു ഇപ്പോൾ പരാതി നൽകിയാൽ കേൾക്കാൻ എഎംഎംഎയിൽ ഭരണസമിതി ഇല്ല. പുതിയ ഭരണസമിതി വന്നാൽ തങ്ങളും പരാതി നൽകും. കുക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന നറേറ്റീവ് ബോധപൂർവ്വം ഉണ്ടാക്കിയതാണ്. കുറ്റാരോപിതനായ ബാബുരാജ് മത്സരിക്കട്ടെ എന്ന് അൻസിബ പറഞ്ഞത് ശരിയായില്ല. ഇപ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി.
ഇതൊക്കെ എഎംഎംഎയുടെ പ്രവർത്തനത്തെയും കെട്ടുറപ്പിനെയും ഇനി ബാധിക്കും. പ്രധാനപ്പെട്ടവർ മാറി നിൽക്കുന്ന സാഹചര്യം ദോഷം ചെയ്യും. പൊന്നമ്മ ബാബുവിന് എന്ത് സ്ത്രീപക്ഷമാണുള്ളത്? ശ്വേതയെ സഹായിച്ചത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്ന പൊന്നമ്മ ബാബുവിന്റെ ആരോപണം കോമഡിയായി തോനുന്നു,' മാല പാർവതി പറഞ്ഞു.
Content Highlights: Maala Parvathy says Baburaj withdrew from the election following Saritha S Nair's complaint