ദളപതിയെ ലാലേട്ടൻ തൂക്കി, ലാലേട്ടനെ തലൈവർ ഒതുക്കുമോ, ബുക്കിങിൽ തരംഗം തീർത്ത് കൂലി

കേരളത്തിൽ എമ്പുരാന്റെ ഫസ്റ്റ് ഡേ കളക്ഷൻ മറികടക്കുമോ കൂലി ?

dot image

ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചൂടപ്പം പോലെയാണ് സിനിമയുടെ ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. മോഹൻലാൽ നായകനായ എമ്പുരാൻ ആണ് കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം. രണ്ടാം സ്ഥാനത്ത് ലോകേഷിന്റെ തന്നെ വിജയ് നായകനായ ലിയോ ആണ്. ഈ റെക്കോർഡുകളെ കൂലി മറികടക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

14.07 കോടിയാണ് എമ്പുരാൻ കേരളത്തിൽ നിന്ന് ഫസ്റ്റ് ഡേ സ്വന്തമാക്കിയത്. ലിയോ 12 കോടിയും നേടിയിരുന്നു. കെ ജി എഫ് (7.30), ഒടിയൻ (7 .20), ബീസ്റ്റ് (6.70) തുടങ്ങിയ ചിത്രങ്ങളാണ് ലിസ്റ്റിൻ മറ്റു സ്ഥാനങ്ങളിൽ ഉള്ളത്. അതേസമയം, അടവ്നസ് ബുക്കിംഗ് ആരംഭിച്ച ഒരു മണിക്കൂറിൽ തന്നെ കൂലി കേരളത്തിൽ നിന്ന് 1 കോടി നേടി കഴിഞ്ഞു. ഇതുവരെ സിനിമ 3 കോടിക്കടുത്ത് അഡ്വാൻസ് ബുക്കിങിലൂടെ നേടിയെന്നാണ് റിപ്പോർട്ടുകൾ.

ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ ബുക്കിംഗ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights:  Will coolie surpass Empuraan's first day collection in Kerala?


dot image
To advertise here,contact us
dot image