
കൊച്ചി: ഗായകന്‍ യേശുദാസിനും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ വിനായകനെതിരെ പൊലീസില്‍ പരാതി. കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വിനായകനെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖര്‍ക്കെതിരെ അവഹേളനം നടത്തുന്നത് വിനായകന് ഹരമാണെന്ന് പരാതിയില്‍ പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ വിനായകനെതിരെ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. വിനായകന്റെ മാനസികനില പരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. യേശുദാസിനും അടൂരിനുമെതിരായ പോസ്റ്റ് വിനായകന്‍ പിന്‍വലിച്ചിരുന്നു.
ഇന്നലെയായിരുന്നു യേശുദാസിനേയും അടൂരിനേയും അധിക്ഷേപിച്ച് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സിനിമാ കോണ്‍ക്ലേവില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിനായകന്റെ പ്രതികരണം. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ യേശുദാസ് മുന്‍പ് നടത്തിയൊരു പരാമര്‍ശം വിവാദമായിരുന്നു. സ്ത്രീകൾ ജീൻസ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും സ്ത്രീകൾ പുരുഷന്മാരെ പോലെയാകാൻ ശ്രമിക്കരുതെന്നുമായിരുന്നു അന്ന് യേശുദാസ് പറഞ്ഞത്. മറച്ചുപിടിക്കേണ്ടത് സ്ത്രീകൾ മറച്ചുവെയ്ക്കണമെന്നും വേണ്ടാതീനം കാണിക്കരുതെന്നും യേശുദാസ് പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിയാണ് യേശുദാസിനെതിരെ വിനായകന്‍ തിരിഞ്ഞത്. ഈ പോസ്റ്റ് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും വിനായകന്‍ പങ്കുവെച്ചു.
ഇതില്‍ യേശുദാസിനും അടൂരിനുമെതിരെ വിനായകന്‍ വിമര്‍ശനം തുടരുന്നുണ്ട്. 'ശരീത്തില്‍ ഒന്നും തന്നെ അസഭ്യമായി ഇല്ല. എന്നിരിക്കെ സ്ത്രീകള്‍ ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍? വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ?, ജുബ്ബയിട്ട് ചെയ്താല്‍ അടൂര്‍ അസഭ്യമാകാതെ ഇരിക്കുമോ?' എന്നാരുന്നു വിനാകന്‍ പുതിയ പോസ്റ്റില്‍ പറയുന്നത്. 'സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുമെന്ന് പറഞ്ഞാണ് വിനായകന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Content Highlights- Congress leader filed complaint against actor vinayakan on his statement slammed adoor gopalakrishnan and yesudas