
കുട്ടനാട്: 1500 കിലോമീറ്റര്‍ ദൂരത്ത് നിന്ന് കഞ്ചാവ് വാങ്ങി വില്‍പ്പനക്കായി ആലപ്പുഴയിലെത്തിയ യുവാവും സുഹൃത്തും പൊലീസ് പിടിയില്‍. പുളിങ്കുന്ന് കായല്‍പുറം വയലാറ്റ് വീട്ടില്‍ റിനോജ് തോമസ്(40), കിഴക്കേത്തറയില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ഫ്രാന്‍സിസ്(36) എന്നിവരെയാണ് രാമങ്കരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കിടങ്ങറ പാലത്തിന് സമീപത്ത് നിന്നാണ് രണ്ടുപേരും അറസ്റ്റിലായത്.
തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ നിന്ന് 1500 കിലോമീറ്റര്‍ ബൈക്കോടിച്ചാണ് റിനോജ് തോമസ് എത്തിയത്. നാട്ടിലെത്തിയ ശേഷം സുഹൃത്തായ മാര്‍ട്ടിനെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇരുവരും കൂടി കിടങ്ങറ പാലത്തിന് സമീപമെത്തിയപ്പോള്‍ ബൈക്ക് നിന്നുപോയി. ഈ സമയം എസ് ഐ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതോടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവാന്‍ പ്രതികള്‍ വെപ്രാളപ്പെട്ടപ്പോള്‍ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതികള്‍ മുമ്പും കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ നേരത്തെ പരാതി വന്നിട്ടുണ്ടെങ്കിലും പിടിയിലായിരുന്നില്ല. തെലങ്കാനയില്‍ നിന്ന് കാര്‍ മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വന്നാല്‍ പരിശോധയില്‍ കുടുങ്ങിയേക്കാമെന്ന കണക്കുകൂട്ടലിലാണ് റിനോജ് ബൈക്കില്‍ യാത്ര ചെയ്യാമെന്ന് തീരുമാനിച്ചത്. വിനോദസഞ്ചാരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു റിനോജിന്റെ വേഷവിധാനം. അതുകൊണ്ട് തന്നെ കാര്യമായ പരിശോധനയൊന്നും ഉണ്ടായതുമില്ല.
തെലങ്കാനയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് റിനോജ്. കുടുംബസമേതം ഹൈദരാബാദിലാണ് താമസിക്കുന്നത്. മാസത്തില്‍ പല പ്രാവശ്യം അവധിക്ക് പുളിങ്കുന്നിലുള്ള വീട് സന്ദര്‍ശിക്കാന്‍ എന്ന വ്യാജേന നാട്ടില്‍ വരുമ്പോഴാണ് കഞ്ചാവ് കൊണ്ടുവരാറുള്ളത്. കിലോക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ നാല്‍പതിനായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. റിനോജ് കൊണ്ടുവരുന്ന കഞ്ചാവ് മാര്‍ട്ടിനാണ് നാട്ടില്‍ വിവിധ ഇടപാടുകാര്‍ക്കായി വിറ്റിരുന്നത്.
തെലങ്കാന രജിസ്‌ട്രേഷനിലുള്ളതാണ് റിനോജ് വന്ന ബൈക്ക്. ഇത് ആരുടെ പേരിലുള്ളതാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
Content Highlights: Police arrest young man and friend for selling cannabis