
നടി ശ്വേത മേനോന് എതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചെന്ന പരാതി ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി നടനും A.M.M.A തിരഞ്ഞെടുപ്പിൽ നടിയുടെ എതിർ സ്ഥാനാർത്ഥി കൂടിയായ നടൻ ദേവൻ. ചില പടങ്ങളിലെ സീനുകൾ വെച്ചിട്ടാണ് ശ്വേത മേനോനെതിരെ പരാതികൾ ഉയർത്തുന്നതെന്നും അവയെല്ലാം സെൻസർ ബോർഡിന്റെ അനുമതിയോടുകൂടി ഇറങ്ങിയ ചിത്രങ്ങളാണെന്നും ദേവൻ പറഞ്ഞു.
'ശ്വേത മേനോനെതിര പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചിട്ടാണ്. അത് ശ്വേത മേനോന്റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല. സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്. അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ്. സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയത്,' ദേവൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടി അഭിനയിച്ച ചില ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അവയിൽ അശ്ലീല രംഗങ്ങളാണെന്നാണ് മാർട്ടിൻ മേനാച്ചേരി എന്നയാൾ പരാതി നൽകിയത്. പാലേരിമാണിക്യം, രതിനിർവേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രേക്ഷകർ കണ്ടതും ഇപ്പോഴും പൊതുമധ്യത്തിൽ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ സിനിമകളിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ A.M.M.Aയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്ന സമയത്താണ് ഈ കേസ് വന്നിരിക്കുന്നത്. ഇത് നടിയ്ക്കെതിരെ അനാവശ്യ അപവാദപ്രചരണങ്ങൾ അഴിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്. പരാതി അസംബന്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്.
Content Highlights: Actor Devan supports Shwetha Menon in recent case and controversy