പുരികം ത്രെഡ് ചെയ്തു, യുവതിയുടെ കരള്‍ തകരാറിലായി; വീഡിയോയുമായി ഡോക്ടര്‍ അദിതിജ്

28 വയസുള്ള യുവതിയുടെ കരളാണ് തകരാറിലായത്

dot image

പുരികം ത്രെഡ് ചെയ്യുന്നത് കരള്‍ രോഗത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍ അദിതിജ് ധമിജ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്ടര്‍ അദിതിജ് ഇത്തരത്തിലൊരു വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്. പുരികം ഷേപ്പ് ചെയ്യുന്നതിനോ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനോ ബ്യൂട്ടിപാര്‍ലറില്‍ പോയി ആളുകള്‍ ത്രെഡ് ചെയ്യാറുണ്ട്. ഇത്തരത്തില്‍ പുരികം ത്രെഡ് ചെയ്ത 28 വയസുള്ള ഒരു യുവതിയുടെ കരള്‍ തകരാറിലായെന്നാണ് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നത്. കരള്‍ തകരാറിലാകാന്‍ കാരണം അണുബാധയാണെന്നും ഇത്തരത്തിലൊരു അണുബാധ ശുചിത്വമില്ലാത്ത ചുറ്റുപാടില്‍ നിന്ന് സംഭവിച്ചതാകാമെന്നും ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.

ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു ശേഷം താനെയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത് സറഫ് തന്റെ അഭിപ്രായവുമായി രംഗത്തെത്തി. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ത്രെഡ് ചെയ്യുമ്പോള്‍ മുറിവുകള്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആ മുറിവിലൂടെ അണുബാധ ശരീരത്തില്‍ കയറാനുള്ള സാധ്യത വര്‍ധിക്കുന്നു. നൂല്‍, കൈകള്‍, അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. മുറിവിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലേക്ക് കലരുകയും കരളിന് അണുബാധയുണ്ടാവുകയും കരള്‍ തകരാറിലാവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും ഡോ അമിത് സറഫ് പറഞ്ഞു.

ത്രെഡ് ചെയ്യുന്നത് നേരിട്ട് കരളിനെ ബാധിക്കുന്നില്ലെങ്കിലും ശുചിത്വമില്ലായ്മയിലൂടെ ഇത് കരളിനെ തകരാറിലാക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ത്രെഡ് ചെയ്യാന്‍ വൃത്തിയുള്ള നൂല്‍ ഉപയോഗിക്കുക. ത്രെഡ് ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമെന്നും ഡോ. സറഫ് പറഞ്ഞു.

Content Highlights: doctor eyebrow threading raise hepatitis risk liver fail expert weighs

dot image
To advertise here,contact us
dot image