
തൃശ്ശൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഡിവിഷന്‍ സമ്മേളനം നടത്തി ബിജെപി. തൃശ്ശൂര്‍ പൂങ്കുന്നം മുരളീമന്ദിരത്തിലാണ് സമ്മേളനം നടത്തിയത്. കെ കരുണാകരന്റെ മകളും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവുമായ പദ്മജാ വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു. നാട്ടിലെ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപിയാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏത് മലയാളിക്ക് സഹായം ആവശ്യമുണ്ടെങ്കിലും മറ്റ് പരിഗണനയൊന്നുമില്ലാതെ ഒറ്റക്കെട്ടായി ചെയ്യുകയെന്നതാണ് ബിജെപിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പിടിക്കുകയെന്നതാണ് ലക്ഷ്യം. പ്രഖ്യാപനത്തിലോ പൊള്ളയായ അവകാശവാദത്തിലോ അല്ല പാര്‍ട്ടി വിശ്വസിക്കുന്നത്. മോദി സര്‍ക്കാരിന്റെ കാലത്തെ രാജ്യത്തിന്റെ കുതിച്ചുചാട്ടം തന്നെ ഇതിന് തെളിവാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാര്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: BJP state division meeting at Murali Mandir, Poonkunnam