ജാമ്യത്തെ എതിർത്തതിൽ സംഘപരിവാർ ഗൂഢാലോചന; കേരളത്തിലെ ബിജെപിയും രാഷ്ട്രീയ നാടകം കളിക്കുന്നു: പ്രതിപക്ഷ നേതാവ്

'ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് മതത്തിന്റെ പേരില്‍ നിരപരാധികളെ ജയിലില്‍ അടയ്ക്കുന്ന സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയം അംഗീകരിക്കാനാകില്ല'

dot image

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍ നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിലെ ബിജെപി നേതൃത്വവും രാഷ്ട്രീയ നാടകം കളിക്കുന്നത് അപഹാസ്യമാണെന്നും കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എംപിമാര്‍ക്കും സഭാ നേതൃത്വത്തിനും നല്‍കി ഉറപ്പിന് വിരുദ്ധമായാണ് ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തതെന്നും വി ഡി സതീശൻ പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനെ കൂടാതെ ബജ്റംഗ്ദളിനെ പ്രതിനിധീകരിച്ച് പത്തിലധികം അഭിഭാഷകര്‍ കോടതിയിലെത്തി. അതും സംഘപരിവാര്‍ തിരക്കഥയുടെ ഭാഗമായാണെന്ന് വേണം കരുതാന്‍. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസ് നിയമ വിരുദ്ധമായി എന്‍ഐഎയ്ക്ക് കൈമാറിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

അറസ്റ്റ് തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും രാഷ്ട്രീയം കളിക്കരുതെന്നും കേരളത്തിലെ ബിജെപി നേതൃത്വം പറഞ്ഞതിന് പിന്നാലെയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതെന്നും വി ഡി സതീശൻ പറഞ്ഞു. ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് മതത്തിന്റെ പേരില്‍ നിരപരാധികളെ ജയിലില്‍ അടയ്ക്കുന്ന സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യുഡിഎഫും എല്ലാ പിന്തുണയും നൽകുമെന്നും വി ഡി സതീശൻ ഉറപ്പ് നല്‍കി.

Content Highlights- Opposition leader condemns prosecution's move to oppose bail for nuns arrested in Chhattisgarh

dot image
To advertise here,contact us
dot image