
തിരുവനന്തപുരം: സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ലഭ്യമായ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇതില്‍
തര്‍ക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയമില്ല. ഇപ്പോഴുള്ളതുപോലെ മതിയെങ്കില്‍ അങ്ങനെ തന്നെ തുടരും. പൊതുജനാഭിപ്രായം സ്വീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
'ചര്‍ച്ചകള്‍ നന്നായി നടക്കട്ടെ. 47 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. എന്റെ നാല് വര്‍ഷത്തെ അനുഭവത്തില്‍ വ്യക്തിപരമായി പറഞ്ഞ അഭിപ്രായമാണ്. മഴ പെയ്താല്‍ കുട്ടനാട് താലൂക്കില്‍ മാസങ്ങളോളം സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാറില്ല. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും ഉണ്ട്. ആഴ്ചകളോളം അടച്ചിടേണ്ടി വരികയാണ്. തീരദേശവാസികള്‍ക്കും മലയോര മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ട്, മഴക്കാല രോഗങ്ങള്‍ വേറെയുണ്ട്. രക്ഷിതാക്കളുടെയോ കുട്ടികളുടെയോ ഭാഗത്ത് നിന്ന ആലോചിക്കുമ്പോഴാണ് ഇങ്ങനെ തോന്നുക. മുഖ്യമന്ത്രിയെ കണ്ട് അഭിപ്രായം വന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ പലരോടും അഭിപ്രായം തേടേണ്ടതുണ്ട്', മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പൊതു വിദ്യാലയങ്ങളിലെ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ മന്ത്രി പൊതുജനാഭിപ്രായം തേടിയത്. സമ്മിശ്ര പ്രതികരണമാണ് വിഷയത്തില്‍ ലഭിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് പലപ്പോഴും കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി വിഷയത്തില്‍ പൊതുജനാഭിപ്രായം തേടിയത്.
Content Highlights: Summer Vacation Change Minister V Sivankutty Reaction