
കൊച്ചി: കുക്കു പരമേശ്വരന് എ.എം.എം.എ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു. ഹേമ കമ്മറ്റി രൂപീകരിക്കുന്നതിന് മുൻപ് എ.എം.എം.എയിലെ സ്ത്രീകൾ ഒരുമിച്ചുകൂടി സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുൻകൈയെടുത്തത്. ഇത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. യോഗത്തിന് ശേഷം മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് ഈ മെമ്മറി കാർഡ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡ് തങ്ങളുടെ കൈവശം ഇല്ലെന്നാണ് പറയുന്നത്. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിൽ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ പത്രിക പിൻവലിച്ചിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരം നടക്കും. എ.എം.എം.എ അധ്യക്ഷസ്ഥാനത്തേക്ക് വനിതകൾ വരുന്നതിനെ നിരവധി പേർ അനുകൂലിച്ചിരുന്നു. നടനും ഗതാഗത മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാറും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കുമ്പോൾ സാമ്പത്തിക അച്ചടക്കത്തിൽ ഉൾപ്പെടെ കൂടുതൽ ശ്രദ്ധയുണ്ടാകും. സംഘടനയുടെ പണം ധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്. നേതൃത്വം വനിതകൾ ഏറ്റെടുക്കണം. പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയുമ്പോൾ പറഞ്ഞത്. 'അമ്മ' എന്ന പേര് അന്വർത്ഥമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.
അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്‌മിയും സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്ത്രീ നേതൃത്വം വേണമെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു. ഉറച്ച തീരുമാനമെടുക്കാൻ ശക്തിയുള്ളവർ നേതൃത്വത്തിൽ വരണം. നടി ആക്രമിക്കപ്പെട്ടപ്പോൾ എ.എം.എം.എയിലെ ഒരു സ്ത്രീയും പിന്തുണച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: ponnamma babu against kukku parameswaran on amma election