'കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് എതിരുമാണ്'; ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു തൃശൂർ അതിരൂപത ആർച്ച് ബിഷപ്പിൻ്റെ പ്രതികരണം

dot image

തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് എതിരെന്നും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ ആർച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം സിസ്റ്റർമാരെ മോചിപ്പിക്കണമെന്നും ഇക്കാര്യത്തിൽ രാജീവാണ് ആദ്യം പ്രതികരിച്ചത് എന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് നീതിയും സുരക്ഷിതത്വവും വേണമെന്നും രാജീവ് തങ്ങളെ കാണാൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യയിലെ പൗരന്മാർ എന്നനിലയിൽ ജീവിക്കാൻ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണ്. ഇതും താൻ രാജീവിനെ അറിയിച്ചു. കുട്ടികളെ ജോലിക്ക് കൊണ്ടുപോയതാണ്. അവർ പ്രായപൂർത്തിയായവരുമാണ്. വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നതിന് മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ദിവസങ്ങൾക്ക് മുൻപ് പിതാവ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും കാര്യങ്ങൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അടക്കം ഉറപ്പ് നൽകിയിട്ടുണ്ടെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം. അമിത് ഷായും ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി ഞങ്ങൾ കാണുന്നില്ല. ജനങ്ങൾ സഹായിക്കണമെന്നാവശ്യപ്പെട്ടാൽ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഞങ്ങൾ സഹായിക്കുമെന്നും ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവ സെൻസിറ്റീവ് ആയ സംസ്ഥാനങ്ങളാണ് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Mar andrews thazhath thanks rajeev chandrashekar for his intervention

dot image
To advertise here,contact us
dot image