
പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് നിന്ന് മരിച്ച നിലയിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച യുവതിയുടെ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് പാലക്കാട് സ്വദേശിനിയായ 46 കാരി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ച വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ തന്നെയാണ് അതിക്രമത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
ഇന്നലെ രാത്രിയാണ് വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ അബോധാവസ്ഥയിലായ യുവതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്. പരിശോധനയിൽ യുവതി മരിച്ചതായും ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകളും ഡോക്ടർമാർ കണ്ടെത്തി. വിവരം ലഭിച്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇയാളിൽ നിന്നും ലഭിച്ചില്ല. തുടർന്ന് ഇന്ന് നടന്ന പോസ്റ്റ്മോർട്ടത്തിലാണ്, അതിക്രൂരമായ ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും നട്ടെല്ലിനും ആന്തരിക അവയവങ്ങൾക്കും ഉൾപ്പെട പരിക്കേറ്റാണ് യുവതി മരിച്ചതെന്ന് കണ്ടെത്തുന്നത്.
യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറയുന്ന പ്രദേശത്ത് പൊലീസ് വിശദമായി പരിശോധന നടത്തി. മേഖലയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ, യുവതിയെ ആക്രമിച്ചത് താൻ തന്നെയാണ് സുബ്ബയൻ പൊലീസിന് മൊഴി നൽകി.
പാലക്കാട് ഒലവക്കോടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ട 46കാരി. നടപടികൾ പൂർത്തീകരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ലൈംഗിക അതിക്രമത്തിനും, കൊലപാതകത്തിലും ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സുബ്ബയനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം നാളെയാണ് സുബയ്യനെ കോടതിയിൽ ഹാജരാക്കുക.
Content Highlights- Woman found dead in Palakkad dies of suffocation during sexual assault, report says