'അൻസിബയെ അപമാനിക്കുന്ന തരത്തിൽ ഒന്നും പറഞ്ഞിട്ടില്ല' ; പരാതിയില്‍ പ്രതികരിച്ച് അനൂപ് ചന്ദ്രൻ

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ അനൂപ് ചന്ദ്രനെതിരെ പരാതി നല്‍കിയിരിക്കുന്നത്

dot image

കൊച്ചി: എ.എം.എ.എ ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍റെ പരാതിയില്‍ പ്രതികരിച്ച് നടന്‍ അനൂപ് ചന്ദ്രന്‍. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കും ഡി ജി പി ക്കുമാണ് അന്‍സിബ അനൂപ് ചന്ദ്രനെതിരെ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്‍സിബയുടെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ലായെന്നും അന്‍സിബയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലായെന്നുമാണ് അനൂപ് ചന്ദ്രന്‍റെ പ്രതികരണം.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തിരഞ്ഞെടുപ്പില്‍ ട്രഷര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍ മത്സരിക്കുന്നുണ്ട്. പരാതി നിലനില്‍കെയാണ് മത്സര വിവരം പുറത്ത് വരുന്നത്.

അതേ സമയം, എ.എം.എ.എയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരം നടക്കും.

തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമ്പോഴും സംഘടനയില്‍ വലിയ പൊട്ടിത്തെറികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം ആരോപണങ്ങളും വിമര്‍ശനവും ഉന്നയിക്കുകയാണ് പലരും. ലൈംഗിക പീഡനാരോപണങ്ങള്‍ നേരിടുന്നവര്‍ മത്സരത്തില്‍ നിന്നും പിന്മാറണമെന്ന് പലരും പറഞ്ഞപ്പോള്‍, ആരോപണത്തിന്റെ പേരില്‍ മാത്രം പിന്മാറേണ്ടതില്ല എന്നാണ് മറ്റ് ചിലരുടെ വാദം. ഈ തര്‍ക്കം ശക്തമായതിന് പിന്നാലെ നടന്‍ ബാബുരാജ് ആദ്യം മത്സരരംഗത്ത് നിന്നും പിന്നീട് എ.എം.എം.എയില്‍ നിന്നും പൂര്‍ണമായും പിന്മാറിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് എ.എം.എം.എ നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Content Highlights- 'I have not said anything insulting to Ansiba'; Anoop Chandran targets AMMA treasurer post

dot image
To advertise here,contact us
dot image