വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ല, യുവതിയുടെ മൊഴിയെടുത്ത്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്: സിറ്റിപൊലീസ് കമ്മീഷണർ

യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്

dot image

കൊച്ചി: റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു'- കമ്മീഷണര്‍ പറഞ്ഞു. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ പരിശോധിച്ചശേഷമേ ആരോപണവിധേയനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്സിക് ആണ്, സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചായിരുന്നു ഒഴിവാക്കല്‍ എന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.

വിഷയത്തിൽ പ്രതികരണവുമായി വേടൻ രംഗത്തെത്തിയിരുന്നു.  തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. വൈകില്ല. ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേർത്തു.

Content Highlights: No notice has been sent to rapper vedan yet says kochi city police commissioner

dot image
To advertise here,contact us
dot image