ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഥിലാജിന്റെ അയല്‍വാസിയുടെ അടക്കം അറസ്റ്റ് രേഖപ്പെടുത്തി

dot image

കണ്ണൂര്‍: ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മിഥിലാജ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മിഥിലാജ് തുറന്നുപരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിക്കുളളില്‍ ഒരു കവര്‍ കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോഴാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഥിലാജിന്റെ അയല്‍വാസിയുടെ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിദേശത്തുളള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഈ അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ച് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയേനെ എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: MDMA and cannabis oil found in pickle bottle kannur chakkarakkal

dot image
To advertise here,contact us
dot image