
കൊച്ചി: കേക്കും ലഡുവും തന്നതുകൊണ്ട് സുവിശേഷത്തിന്റെ ആദര്‍ശം മറന്നവരാണെന്ന് കരുതരുതെന്നും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന കിരാതത്വം തിരിച്ചറിയുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. തെറ്റിനെ തെറ്റെന്നും തെമ്മാടിത്തത്തെ തെമ്മാടിത്തമെന്നും വിളിക്കാനുള്ള ആര്‍ജവം തങ്ങളാര്‍ക്കും പണയം വെച്ചിട്ടില്ല. അത് എല്ലാ നേതാക്കളും മനസിലാക്കുന്നത് നല്ലതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.
ന്യൂനപക്ഷമാണെന്ന് കരുതി എഴുതിത്തള്ളുന്ന നടപടി ശരിയല്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണം. ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മുതല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ ലംഘനമാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. പതിനൊന്ന് സംസ്ഥാനങ്ങള്‍ ഈ നിയമം പാസാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം ആണോയെന്ന് തീരുമാനിക്കുന്നത് കാപാലിക സംഘം. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ന്യൂനപക്ഷങ്ങളോട് കരുതലുണ്ടെങ്കില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി യുഡിഎഫ്, ഇടത് എംപിമാരും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡില്‍ എത്തിയിരുന്നു. കന്യാസ്ത്രീകൾക്ക് നീതി തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യുഡിഎഫ്, ഇടത് എംപിമാർ സന്ദർശിച്ചിരുന്നു. കന്യാസ്ത്രീകൾ ഉടൻ പുറത്തിറങ്ങുമെന്ന ശുഭപ്രതീക്ഷയാണ് യുഡിഎഫ്, ഇടത് എംപിമാർ പങ്കുവെച്ചത്.
Content Highlights- Mar Joseph Pamplani reaction on malayali nuns arrest in chattisgarh