'നാളെ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷ'; അമിത് ഷായെ കണ്ട് ഇടത് എംപിമാരും

വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ദീര്‍ഘമായ നിവേദനം നല്‍കിയതായി എംപിമാര്‍ പറഞ്ഞു

dot image

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഇടത് എംപിമാരും. കെ രാധാകൃഷ്ണന്‍, പി പി സുനീര്‍, ജോസ് കെ മാണി, എ എ റഹീം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസൻ, പി സന്തോഷ്കുമാര്‍ എന്നിവരാണ് അമിത് ഷായെ കണ്ടത്. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ദീര്‍ഘമായ നിവേദനം നല്‍കിയതായി എംപിമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വാക്ക് മുഖവിലക്കെടുത്താല്‍ നാളെ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംപിമാര്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായെ കണ്ട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. വിശദമായ നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെടാം എന്ന് അദ്ദേഹം ഉറപ്പുനല്‍കി. അടുത്ത ദിവസം തന്നെ മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. ജയിലില്‍ തങ്ങളോട് ഭീകരവാദികളോട് പെരുമാറി എന്നാണ് കന്യാസ്ത്രീകള്‍ പറഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ആള്‍ക്കൂട്ട വിചാരണ നടക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ ഇടതുപക്ഷം ശക്തമായ ഇടപെടല്‍ നടത്തിയതായി പി പി സുനീര്‍ എംപിയും പറഞ്ഞു. അമിത് ഷായുടെ വാക്കുകള്‍ മുഖവിലക്കെടുത്താല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശുഭ വാര്‍ത്തയുണ്ടാകും. ഇടതുപക്ഷം വിഷയത്തില്‍ പ്രധാന പങ്കുവഹിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ വിഷയത്തെ ലഘൂകരിച്ചുവെന്നും പി പി സുനീര്‍ പറഞ്ഞു. നീതി നിഷേധത്തിന്റെ ആവര്‍ത്തനമാണ് ഉണ്ടായതെന്ന് ജോസ് കെ മാണി എംപിയും പറഞ്ഞു. വിഷയത്തില്‍ ഇടതുപക്ഷം എല്ലാ തരത്തിലുള്ള ഇടപടെലും നടത്തി. ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കി. വിഷയത്തില്‍ രാജ്യ വ്യാപക പ്രതിഷേധം നടന്നു. ഇതോടെ ഛത്തീസ്ഗഡ് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. ഛത്തീസ്ഗഡ് സര്‍ക്കാരുമായി സംസാരിച്ചതായി അമിത് ഷാ പറഞ്ഞിരുന്നു. തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാകാം കേസെടുത്തതെന്നും പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചാല്‍ മാത്രം പേരെന്നും കേസ് തന്നെ റദ്ദാക്കപ്പെടണമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം കന്യാസ്ത്രീകള്‍ വീണ്ടും വലിച്ചിഴക്കപ്പെടുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

തിരുവസ്ത്രം ധരിച്ച രണ്ട് കന്യാസ്ത്രീകള്‍ കൊടുംകുറ്റവാളികള്‍ക്കൊപ്പം കഴിയുകയാണെന്ന് എ എ റഹീം എംപി പറഞ്ഞു. അതില്‍ ഒരാള്‍ ആര്‍ത്രൈറ്റിസിന്റെയും മൈഗ്രെയ്‌ന്റെയും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കേരളത്തിന്റെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പൂര്‍ണമായി ഇടപെട്ടു എന്നാണ് പറയുന്നു. വിഷയത്തില്‍ ഇടപെടാന്‍ പ്രതിനിധിയേയും ഛത്തീസ്ഗഡിലേക്ക് അയച്ചു. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് ഒരു കട്ടില്‍ വാങ്ങി നല്‍കാന്‍ അവര്‍ക്കായോ എന്ന് എ എ റഹീം പറഞ്ഞു. കേരളത്തില്‍ ആരെയും ഇത്തരം കേസില്‍ ജയിലില്‍ ഇട്ടിട്ടില്ല. ആര്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടില്ല. കൊടും കുറ്റവാളികള്‍ക്കൊപ്പമാണ് കന്യാസ്ത്രീകളെ ജയിലില്‍ ഇട്ടിരിക്കുന്നതെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.

Content Highlights- Left mps met central home minister amit shah for malayali nuns who arrested in chattisgarh

dot image
To advertise here,contact us
dot image