
കൊച്ചി: മിഷണറി പ്രവർത്തനവും കന്യാസ്ത്രീകളുമാണ് തന്റെ ജീവിതം ഇപ്പോളുള്ളത് പോലെ ആക്കിത്തീർത്തതെന്ന് എഴുത്തുകാരൻ കെ എസ് രതീഷ്. കാസക്കാരനും ഹിന്ദുത്വ തീവ്രവാദികൾക്കും അതൊന്നും മനസിലാകില്ലെന്നും ഏത് കോടതി എതിര് നിന്നാലും ഞാനെങ്കിലും തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണ്ടേ എന്നും കെ എസ് രതീഷ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ കുറിച്ചു.
മിഷണറി പ്രവർത്തനം മനുഷ്യക്കടത്തെന്നാണ് എന്റെ അനുഭവം. നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാൽ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു തള്ളയും മൂന്ന് മക്കളും ചാവും. പുറത്ത് പെരു മഴയും കാറ്റും. ആകെയുള്ള ഒരു സാരിയിൽ മൂന്നിനേയും പുതപ്പിച്ചു കിടത്തി കർത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ അമ്മ. വാറ്റും കള്ളത്തടി വെട്ടും അമ്പാസിഡർ കാറും തലയിണയിൽപ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുംകെട്ടിയ എന്റെ അപ്പൻ.
അതിലെ നടുക്കത്തെ കരിമൻ ചെറുക്കനെ "എന്റെ ഏറ്റവും എളിയ മനുഷ്യന് ചെയ്തതെല്ലാം എനിക്ക് ചെയ്തതാകുന്നു." മത്തായി 25 ന്റെ 40 വാക്യം. അതായത് ഹിന്ദുക്കളുടെ മാനവ സേവ മാധവ സേവ ലക്ഷ്യമാക്കിയ മിഷണറിമാർ മൂന്ന് നേരം തീറ്റിയും കിടക്കാൻ ഇരുമ്പ് കട്ടിലും പഠിക്കാൻ റിങ്കിൽ റൗബെ എന്ന മിഷണറി സ്ഥാപിച്ച സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസവും കൊടുത്തു. വായിക്കാൻ ബൈബിളും.
അവൻ പ്ലസ്‌ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി വീണപ്പോ തുണയായത് ഒരു ലുഡ്‌വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്. ആ കരിമനിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി.
ഇതിപ്പോൾ ഇവിടെ പറയാൻ കാരണം എന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാൻ പോയ കന്യാസ്ത്രീകളെ ജയിലിൽ കിടത്തിയെന്ന് കേട്ടത് മുതൽ നെഞ്ചിനുള്ളിൽ പാറക്കല്ല് ഉരുട്ടി വച്ചത് പോലെയാണ്. സത്യത്തിൽ മിഷണറി പ്രവർത്തനം മനുഷ്യക്കടത്ത് തന്നെയാണ്."ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" എന്ന ക്രിസ്തു വാക്യം തിരിച്ചറിയാത്ത കാസക്കാരനും,"മാനവ സേവ മാധവ സേവ"തിരിച്ചറിയാത്ത ഹിന്ദുത്വ തീവ്രവാദികൾക്കും അതിന്റെ ഹിക്ക്മത്ത് പിടികിട്ടില്ല.
അങ്ങനെ അവർ കടത്തിയ അക്കാലം ഓർക്കാൻ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രം പോലും ഇല്ലാത്ത അവർ വീട്ടിൽ പ്രൊഫഷണൽ ഫോട്ടോ ഗ്രാഫറെ വരുത്തിച്ചെടുത്ത ചിത്രമാണിത്.അടച്ചുറപ്പുള്ള വീടൊക്കെ ആയെങ്കിലും കാറ്റിലും മഴയിലും ആ അമ്മ ഇന്നും അതേ പ്രാർത്ഥനയും നിലവിളിയുമാണ്.ഏത് കോടതി എതിര് നിന്നാലും ഞാനെങ്കിലും തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണ്ടേ ? ഇന്ത്യയുടെ അഭിമാനമായ മദർ തെരേസ ഇന്നായിരുന്നെങ്കിൽ ?
Content Highlights: KS Ratheesh on chhattisgarh malayali nuns arrest