
തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഉത്തരമില്ലാതെ ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമങ്ങളെ പരിഹസിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയം തിരയുകയുമായിരുന്നു തത്സമയം ജോര്‍ജ് കുര്യന്‍. നടപടി ക്രമം പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ നല്‍കിയതിനാലാണ് കന്യാസ്ത്രീകളുടെ ജാമ്യം കോടതി തള്ളിയതെന്നും ജാമ്യാപേക്ഷയില്‍ പിഴവുണ്ടായെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്ന് ബിജെപി നേതൃത്വം എന്ന് ആവര്‍ത്തിക്കുന്നുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ദയനീയമായി ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി.
ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാവല്ലേ താങ്കള്‍ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതോടെ 'ഊട്ടിയുറപ്പിക്കുക' എന്ന വാക്കിലെ അക്ഷരപിശക് ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ജ് കുര്യന്റെ മറുപടി. മലയാളം ശരിക്ക് പഠിക്കണം. ആനയൂട്ട് എന്ന് കേട്ടില്ലെയെന്നും ജോര്‍ജ് കുര്യന്‍ ചോദിക്കുന്നു.
സംഘപരിവാര്‍ സംഘടനകള്‍ കന്യാസ്ത്രീകളെ എതിര്‍ക്കുകയാണല്ലോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ 'താന്‍ കണ്ടില്ല. സൈബര്‍ കണ്ട് പേടിക്കേണ്ട. അവിടെ സഖാക്കളും കോണ്‍ഗ്രസുകാരും സംഘികളാവും. തിരിച്ചു ആവും' എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ക്കൊപ്പം ഛത്തീസ്ഗഡിലെ എംപിമാരെ കാണുന്നില്ലല്ലോയെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു. ചോദ്യം ചോദിക്കുന്നവരുടെ രാഷ്ട്രീയം തിരയുന്നതാണോ ബിജെപിയുടെ പുതിയ രീതിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതോടെ തങ്ങള്‍ ജനാധിപത്യ വിശ്വാസികളാണ്, ജനാധിപത്യം അനുവദിക്കുന്നത് എല്ലാം ചെയ്യുമെന്നും ജോർജ് കുര്യൻ പറഞ്ഞു. കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ വിശ്വാസികളല്ലേയെന്ന ചോദ്യത്തോട് 'കോടതിയില്‍ അല്ലേ പറയേണ്ടത്, ഞാനൊരു മന്ത്രിയാണ്. തനിക്കതൊന്നും പറയാന്‍ പറ്റില്ലെന്നും' പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു കേന്ദ്രമന്ത്രി. ബിജെപിയല്ലാതെ മറ്റാരെങ്കിലും ആത്മാര്‍ത്ഥമായി വിഷയത്തില്‍ ഇടപെടുന്നുണ്ടോയെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.
Content Highlights: George Kurian Reaction Over Malayali Nuns Arrest