
കൽപ്പറ്റ: കേരളത്തിന്റെ ഉള്ളുലച്ച ആ രാത്രിക്ക് ഇന്ന് ഒരാണ്ട് തികയുമ്പോൾ പലരും തീരാനോവിലാണ്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓർമ്മയിലാണ് വെള്ളാർമലയിലെ അധ്യാപകർ. തനിക്ക് നഷ്ടമായ പ്രിയ കുട്ടികളെ ഓർത്ത് വിതുമ്പുകയാണ് ഷബ്ന ടീച്ചർ. 13 വർഷത്തോളമായി ചൂരൽമലയിലെ വെള്ളാർമല സ്കൂളിൽ അധ്യാപികയാണ് ഷബ്ന. താൻ ചോറുവാരിക്കൊടുത്ത് വളർത്തിയ കുട്ടികളുണ്ടായിരുന്നു അക്കൂട്ടത്തിലെന്ന് ടീച്ചർ ഓർക്കുന്നു. തന്റെ കൈകളിലൂടെ കടന്നുപോയ കുട്ടികളാണെന്നും അഴർ വിതുമ്പിക്കൊണ്ട് പറഞ്ഞു.
''ഞാൻ പഠിച്ച സ്കൂളാണ് വെള്ളാർമല. വലിയൊരു ആൽമരമുണ്ടായിരുന്നു. അതിനുചുറ്റിലും പുഴയിലുമായിരുന്നു പഠനം. എന്റെ കൈകളിലൂടെ കടന്നുപോയ കുട്ടികളാണ്. ഞാൻ ചോറ് വാരിക്കൊടുത്ത് വളർത്തിയ കുട്ടികളുണ്ട്. 13 വർഷത്തോളമായി പഠിപ്പിക്കുന്നു. നന്നായി ഡാൻസ് കളിക്കുന്ന ഒരു മോളുണ്ടായിരുന്നു. എല്ലാവർക്കും ഓരോരോ കഴിവുണ്ടായിരുന്നു. കുട്ടികൾക്ക് ഇത്തവണയും മഴ വന്നപ്പോൾ പേടിയുണ്ട്.''
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതം ഇത്തരത്തിൽ പലർക്കും വേദനിക്കുന്ന ഓർമ്മകളാണ്. അനേകം മനുഷ്യരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒരൊറ്റ രാത്രിയിൽ ഉരുൾ കവർന്നെടുത്തത്.
ബെയ്‌ലി പാലത്തിന് സമീപം ഒരുക്കിയ ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങളിൽ അധ്യാപകർ അടക്കമുള്ളവർ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പുഷ്‌പാഞ്ജലി അർപ്പിക്കാനെത്തി.
ദുരന്തം ചൂരൽമല സ്കൂളിലെ തകർത്തെറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി കരഞ്ഞ, പിന്നീട് അവിടത്തെ വിദ്യാർത്ഥികൾക്ക് അതിജീവനത്തിൻ്റെ പാഠങ്ങൾ പകർന്ന് നൽകിയ ഉണ്ണി മാഷും പുഷ്പാഞ്ജലി അർപ്പിക്കാനുണ്ടായിരുന്നു. ചൂരൽമല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുൾപൊട്ടലിൽ നഷ്‌ടമായത്.
Content Highlights: Shabna teacher from vellarmala school cries over memories of landslide