
കൊച്ചി: സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കായി മലയാളത്തിലെ ആദ്യ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചാനലിന് തുടക്കം കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഐ എം വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയായി. ഉദ്ഘാടനചടങ്ങിനൊപ്പം സ്‌പോര്‍ട്‌സ് ചാനലിന്റെ പ്രൊമോ റിലീസും നടന്നു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ചടങ്ങുകള്‍ നടന്നത്. റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ വിഭാഗം സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഷെഫീഖ് താമരശ്ശേരി സ്വാഗത പ്രസംഗവും റിപ്പോര്‍ട്ടര്‍ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ ആമുഖ പ്രസംഗവും നടത്തി. തുടര്‍ന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വീഡിയോ സന്ദേശത്തിലൂടെ റിപ്പോര്‍ട്ടറിന്റെ പുതിയ സ്‌പോര്‍ട്‌സ് സംരംഭത്തിന് അഭിനന്ദനം അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈ ചാനല്‍ ആവേശമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു.
ഇതിന് ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ റിപ്പോര്‍ട്ടറിന്റെ ഉദ്യമത്തെ ഐ എം വിജയന്‍ അഭിനന്ദിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന് ഒരു സ്‌പോര്‍ട് ചാനലിന്റെ കുറവുണ്ടായിരുന്നുവെന്നും അത് നികത്താന്‍ പോകുകയാണെന്നും ഐ എം വിജയന്‍ പറഞ്ഞു. ഫുള്‍ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കൊണ്ടുവന്നാല്‍ റിപ്പോര്‍ട്ടര്‍ വേറെ ലെവല്‍ ആകുമെന്നും ഐ എം വിജയന്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ക്കിടയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും ഏറെ മുന്നോട്ടുവന്നു എന്നതില്‍ സന്തോഷമുണ്ടെന്ന് യു ഷറഫലിയും പറഞ്ഞു. സ്പോര്‍ട്സ് റിപ്പോര്‍ട്ടറിന് ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണും എത്തി. കേരളത്തില്‍ ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചാനല്‍ വരുന്നു എന്നതില്‍ എക്‌സൈറ്റഡാണെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസുക്കുട്ടി അഗസ്റ്റിന്‍, വൈസ് പ്രസിഡന്‍റ് രാജീവ് ടി വി എന്നിവര്‍ക്കൊപ്പം എഡിറ്റോറിയല്‍ ടീം അംഗങ്ങളും ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.
Content Highlights- Indian football legend I M Vijayan inaugurated the first complete sports channel by reporter tv