
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ. കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണം ശരിയല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പറയുന്നത്. എങ്കില്‍ പിന്നെ കല്‍ത്തുറുങ്ക് എന്തിനാണെന്ന് ക്ലിമിസ് ബാവ ചോദിച്ചു. അവരെ തുറന്നുവിട്ടാല്‍ പോരേ എന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി തേടി സംയുക്തസഭകളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ക്ലിമിസ് ബാവ.
സന്യാസിനിമാര്‍ ഭാരതത്തിന്റെ പൈതൃകം പേറുന്ന പെങ്ങന്മാരാണെന്നും അവര്‍ മതേതര ഭാരതത്തിന്റെ അഭിമാനമാണെന്നും ക്ലിമിസ് ബാവ പറഞ്ഞു. 'ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്' എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച ക്ലിമിസ് ബാവ അവിടെ ആതുര ശുശ്രൂഷ ചെയ്യുന്നവരാണ് സന്യാസിനിമാര്‍ എന്നും പറഞ്ഞു. ആര്‍ഷ ഭാരതത്തിന് അഭിവാജ്യഘടകമാണ് അവര്‍. അവരുടെ സമര്‍പ്പണം എക്കാലവും ഓര്‍മിക്കപ്പെടണം. സന്യാസിനിമാര്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ടു. ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആര്‍ഷ ഭാരത സംസ്‌ക്കാരമെന്ന് ക്ലിമിസ് ബാവ ചോദിച്ചു. ഭരിക്കുന്ന പാര്‍ട്ടിയോടുള്ള വെല്ലുവിളിയല്ല ഈ പ്രതിഷേധമെന്നും ക്ലിമിസ് ബാവ പറഞ്ഞു.
ആറു ദിവസമായി സഹോദരിമാര്‍ കല്‍ത്തുറുങ്കിലാണ്. ഒരു ദിവസം നേരത്തെ മോചിപ്പിച്ചാണ് നീതി നടപ്പാക്കേണ്ടത്. അവരെ തടങ്കലിലാക്കിയവര്‍ക്ക് എതിരെ നടപടി ഉണ്ടാകണമെന്നും ക്ലിമിസ് ബാവ പറഞ്ഞു. ക്രൈസ്തവര്‍ 2000 വര്‍ഷമായി മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് പലരും ആരോപിക്കുന്നത്. എങ്കില്‍ രണ്ട് ശതമാനത്തില്‍ എങ്ങനെ ഒതുങ്ങി എന്നത് അവര്‍ വ്യക്തമാക്കണം. തെറ്റിദ്ധരിക്കപ്പെടുന്ന പലതുമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹാരമുണ്ടാക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ക്ക് ഉണ്ടാകണം. അപ്പോഴേ സുരക്ഷിതത്വം തോന്നൂ. ഇതെല്ലാം കണ്ട് സുവിശേഷം മടക്കിവെക്കുമെന്ന് പ്രതീക്ഷിക്കരുത്. അവസാന ക്രൈസ്തവന്‍ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകുമെന്നും ക്ലിമിസ് ബാവ കൂട്ടിച്ചേര്‍ത്തു.
Content Highlights- Baselios Cleemis against rajeev chandrasekhar on malayali nuns arrest issue